പുൽപള്ളി: വനം-വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്താത്തത് കാട്ടുകള്ളന്മാർക്ക് തുണയാകുന്നു. വനം കുറ്റകൃത്യങ്ങൾ തടയാനാണ് നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്. മുൻ സർക്കാറിെൻറ കാലത്ത് നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. നിലവിലെ നിയമത്തിൽ ശിക്ഷയുടെ കാഠിന്യം കുറവാണ്. ഈ സാഹചര്യത്തിലാണ് നിയമം ഭേദഗതി ചെയ്യാൻ വനം വകുപ്പ് സർക്കാറിനോട് ആവശ്യപ്പെട്ടത്. 1961ലെ വനം വകുപ്പ് ആക്ടും 1972ലെ വന്യജീവി സംരക്ഷണ നിയമവും അനുസരിച്ചാണ് നിലവിൽ കുറ്റകൃത്യങ്ങൾക്ക് എതിരായ നടപടികൾ സ്വീകരിക്കുന്നത്. കാട്ടിൽനിന്നും മരങ്ങൾ മുറിച്ചു കടത്തിയാൽ ഒരു വർഷം മുതൽ അഞ്ചു വർഷം വരെ തടവും 1000 രൂപ മുതൽ അയ്യായിരം രൂപ വരെ പിഴയുമാണ് നിലവിൽ കേരള വനനിയമപ്രകാരം ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്. പുതിയ നിയമ ഭേദഗതി അനുസരിച്ച് മൂന്നു വർഷം മുതൽ ഏഴു വർഷം വരെയും പതിനായിരം രൂപ മുതൽ 25000 രൂപ വരെയുമാണ് മരം മുറിച്ച് കടത്തുന്നതിനുള്ള ശിക്ഷ. ചന്ദന മരങ്ങളുടെ അനധികൃത ശേഖരണം, വിൽപന എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞ ശിക്ഷ മൂന്നു വർഷമായും കൂടിയ ശിക്ഷ ഏഴു വർഷമായും പിഴ 25000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയും വ്യവസ്ഥ ചെയ്യുന്നു. ഈ ശിക്ഷ കാലാവധിയും പിഴയും വർധിപ്പിക്കണമെന്നാണ് ശിപാർശ ചെയ്തിരുന്നത്. വനം കുറ്റകൃത്യങ്ങൾ തടയുന്നതിന് സഹായിക്കുന്നവർക്കുള്ള പ്രതിഫലം വർധിപ്പിക്കണമെന്ന നിർദേശവും ഉയർന്നിരുന്നു. നിലവിൽ ഒട്ടേറെ പഴുതുകളിലൂടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ പലരും രക്ഷപ്പെടുകയാണ്. ഇതിന് തടയിടാൻ ശക്തമായ നിയമഭേദഗതി പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാണ് വനപാലകരുടെ അടക്കം ആവശ്യം. - സി.ഡി. ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.