ആയഞ്ചേരി: മഴ കനത്തതോടെ ഗ്രാമീണറോഡുകൾ തകർന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് നാട്ടുകാരെ ദുരിതത്തിലാക്കി. ഇടക്കിടെ അറ്റകുറ്റപ്പണി നടത്തുന്ന റോഡുകളാണ് തകർന്നവയിൽ കൂടുതലും. ആയഞ്ചേരി-തിരുവള്ളൂർ റോഡ് ടൗണിനടുത്ത് തകർന്നുകിടക്കുകയാണ്. മസ്ജിദുൽ ജമാൽ മുതൽ എ.കെ.ജി സെൻറർ വരെ റോഡ് തകർന്ന നിലയിലാണ്. പരമ്പരാഗത ചാലുകൾ നികത്തിയതോടെ ടൗണിലെ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇതാണ് തകർച്ചക്ക് കാരണം. ഈ ഭാഗത്ത് ഫലപ്രദമായ അഴുക്കുചാലുകളില്ല. വർഷങ്ങൾക്ക് മുമ്പാണ് ഇത് അറ്റകുറ്റപ്പണി നടത്തിയത്. പൈങ്ങോട്ടായി ഭാഗത്ത് കലുങ്ക് തകർന്നതോടെ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. മാങ്ങോട് അംഗൻവാടിക്ക് സമീപം വെള്ളം കെട്ടിക്കിടക്കുന്നത് കുട്ടികൾക്കും ദുരിതമായി. തറോപ്പൊയിൽ-പള്ളിയത്ത് റോഡ് മാണിക്കോത്ത്താഴ പാലത്തിന് സമീപം തകർന്നിട്ട് ഏറെക്കാലമായി. ആയഞ്ചേരി, വേളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. മുമ്പ് ബസ് സർവിസ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ നിലച്ചിട്ടുണ്ട്. കൂടാതെ ആയഞ്ചേരി-കടമേരി-തണ്ണീർ പന്തൽ റോഡും തകർന്നിട്ടുണ്ട്. മണിയൂർ പഞ്ചായത്തിലെ ബാങ്ക് റോഡ് മുതൽ കുറുന്തോടി മുക്ക് വരെയുള്ള ഭാഗം ഗതാഗതയോഗ്യമല്ലാതായി. പതിയാരക്കര, മുടപ്പിലാവിൽ, കുറുന്തോടി ഭാഗങ്ങളിലാണ് തകർച്ച കൂടുതൽ. അറ്റകുറ്റപ്പണിക്ക് എം.എൽ.എ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും പ്രവൃത്തി നടന്നില്ല. റോഡ് തകർന്നതോടെ ഓട്ടോകൾ ഇതുവഴി സർവിസ് നടത്താൻ വിമുഖത കാണിക്കുകയാണ്. ഓണാഘോഷം തിരുവള്ളൂർ: പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ തിരുവള്ളൂർ നോർത്ത് എൽ.പി സ്കൂളിൽ നടന്ന ഓണാഘോഷം കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. തോടന്നൂർ എ.ഇ.ഒ എ. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പി.എം. ബാലൻ, എടത്തട്ട രാധാകൃഷ്ണൻ, അബ്ദുൽ മജീദ്, കട്ടിലേരി കുഞ്ഞബ്ദുല്ല, ഹസീന, വി.ആർ. ഷൈലജ, ഗോപീനാരായണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.