അനർഹർക്ക് ആനുകൂല്യങ്ങൾ നൽകരുത്- മന്ത്രി കെ.ടി. ജലീൽ കോഴിക്കോട്: അനർഹർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകാൻ തദ്ദേശസ്ഥാപനങ്ങൾ കൂട്ടുനിൽക്കരുതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 13ാം പദ്ധതി നിർവഹണ പുരോഗതി അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. തദ്ദേശസ്ഥാപനങ്ങൾ എല്ലാവർക്കും കൊടുക്കാനേ പറയൂ, ഒരാൾക്ക് കൊടുക്കരുതെന്ന് പറയാറില്ലെന്നും ഈ രീതി ഏറ്റവും അർഹരായവർക്ക് ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കാൻ കാരണമാകുന്നുവെന്നും മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിൽ ഒരു കാർഡിന് ഒരു വീട് എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. എന്നിട്ടും ഭവനരഹിതരും കിടപ്പാടമില്ലാത്തവരുമായി 5,90,000 പേരുണ്ട്. ഇവർക്ക് വീട് നൽകുന്നതിലാവണം തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധ. ലൈഫ് പദ്ധതിയിലെ വീടുകൾ വാർഡ് അടിസ്ഥാനത്തിൽ വീതം വെക്കാനുള്ളതല്ല. ഒരു വാർഡിൽ ഒരു വീടുമില്ലെങ്കിൽ അതിൽ അഭിമാനിക്കുകയാണ് വേണ്ടത്. കേരളം രക്ഷപ്പെടണമെങ്കിൽ പഞ്ചായത്തുകൾ മാലിന്യ സംസ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി പറഞ്ഞു. എല്ലാ നഗരസഭകളിലും ബ്ലോക്കുകളിലും ഓരോ പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റുകൾ സ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹോട്ടൽ നളന്ദയിൽ നടന്ന യോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ജില്ല കലക്ടർ യു.വി. ജോസ്, നഗരകാര്യവകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ, പഞ്ചായത്ത് വകുപ്പ് ജോയൻറ് ഡയറക്ടർ നാരായണൻ നമ്പൂതിരി, ജില്ല പ്ലാനിങ് ഓഫിസർ എം.എ. ഷീല, പഞ്ചായത്ത് ഉപഡയറക്ടർ സി. മുരളീധരൻ, ജില്ലയിലെ തദ്ദേശസ്ഥാപന മേധാവികൾ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. photo prd50 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ 13ാം പദ്ധതി നിർവഹണ പുരോഗതി അവലോകനയോഗത്തിൽ മന്ത്രി കെ.ടി. ജലീൽ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.