വില്യാപ്പള്ളി: വടകര മാഹി കനാൽ ജലഗതാഗത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പറമ്പിൽ പാലം പണിക്കായി നിലവിലെ റോഡ് മുറിച്ചതിനാൽ ഗതാഗതം താറുമാറായ പറമ്പിൽ പാലത്തിന് സമീപം പൂർത്തിയായ ബദൽ റോഡ് ഉപയോഗിക്കുന്നതിനു മുമ്പേ തകർന്നു. ഇക്കഴിഞ്ഞ ദിവസം ഗതാഗതത്തിനായി താൽക്കാലിക അനുമതി നൽകിയിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലാണ് റോഡ് തകർന്നത്. റോഡ് മുറിച്ച ഉടനെ ഗതാഗതത്തിനായി താൽക്കാലിക റോഡ് നേരത്തേ നിർമിച്ചിട്ടുണ്ടെങ്കിലും അതീവ ദുഷ്കരമായ യാത്ര കാരണം ജനങ്ങൾ കടുത്ത പ്രതിഷേധത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് അൽപം വടക്കു മാറി പുതിയ താൽക്കാലിക റോഡ് പണിയുന്നത്. കനാലിന് കുറുകെ മണ്ണിട്ടുയർത്തി മുകളിലൂടെ വൺവേയായി വാഹനം കടത്തിവിടുകയാണ് ജലഗതാഗത വകുപ്പിെൻറ ലക്ഷ്യം. നേരത്തേയുള്ള ബദൽ റോഡും ഉപയോഗപ്പെടുത്തും. കരാറുകാരൻ ൈകയൊഴിഞ്ഞതോടെ വകുപ്പുതന്നെയാണ് നിർമാണത്തിനുള്ള പണം കണ്ടെത്തുന്നതും. ഈ വാർത്ത നേരത്തേ മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. താറുമാറായ വില്യാപ്പള്ളി ആയഞ്ചേരി റൂട്ടിലെ യാത്രപ്രശ്നത്തിന് ചെറിയതോതിലുള്ള പരിഹാരം മാത്രമേ പുതിയ ബദൽ റോഡ് കൊണ്ടും ഉണ്ടാവുകയുള്ളൂ. കാരണം, ചെറു വാഹനങ്ങൾക്കു മാത്രമേ ഇരു ബദൽ റോഡുകളിലൂടെയും സഞ്ചരിക്കാനാവുകയുള്ളൂ. പാലം പണി പൂർത്തിയാവുന്നതുവരെ ഗതാഗത പ്രശ്നം നിലനിൽക്കും. മാത്രമല്ല, പുതുതായി മണ്ണിട്ടുയർത്തി പണിയുന്ന റോഡിന് ഇരുവശവും കല്ലിട്ട് സംരക്ഷിച്ചില്ലെങ്കിൽ ശക്തമായ മഴയിൽ മണ്ണൊലിച്ച് റോഡ് ഗതാഗതത്തിന് പറ്റാത്ത സ്ഥിതിയിലാവുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ആഴ്ചതന്നെ പുതിയ റോഡ് ഉപയോഗത്തിനായി നൽകുമെന്ന് ജലഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.