മാനന്തവാടി: ബസ് ജീവനക്കാരെ മർദിച്ച വിദ്യാർഥികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മാനന്തവാടി താലൂക്കിലെ ബസ് തൊഴിലാളികൾ ചൊവ്വാഴ്ച മിന്നൽ പണിമുടക്ക് നടത്തി. രാവിലെ ആരംഭിച്ച പണിമുടക്കിൽ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ വലഞ്ഞു. പരീക്ഷക്കാലമായതിനാൽ പണിമുടക്ക് വിദ്യാർഥികളെ കാര്യമായി ബാധിച്ചു. കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിച്ചാണ് വിദ്യാർഥികൾ യാത്രചെയ്തത്. തൊഴിലാളി യൂനിയൻ നേതാക്കൾ മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുമായി ചർച്ച നടത്തി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് വൈകീട്ട് മൂന്നു മണിയോടെയാണ് സമരം പിൻവലിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൽപറ്റ-മാനന്തവാടി റൂട്ടിലെ ബസ് ജീവനക്കാരെ പിണങ്ങോടുെവച്ച് വിദ്യാർഥികൾ മർദിച്ചത്. പുളിഞ്ഞാലിലെ തരിശുപാടത്ത് ഇനി 'മഹാമായ' വിളയും * 25 ഏക്കറില്‍ പാടശേഖര സമിതിയുടെ നെല്‍കൃഷി മാനന്തവാടി: പുളിഞ്ഞാലിലെ തരിശുപാടത്ത് ഇനി മഹാമായ നെൽവിത്ത് വിളയും. പത്തു വര്‍ഷമായി തരിശായിക്കിടന്ന 13 ഏക്കര്‍ വയല്‍ ഉള്‍പ്പെടെ 25 ഏക്കറില്‍ വെള്ളമുണ്ട പുളിഞ്ഞാല്‍ പാടശേഖര സമിതിയുടെ കീഴില്‍ നെല്‍കൃഷി ആരംഭിച്ചു. ജില്ലയില്‍ ആദ്യമായാണ് മഹാമായ വിത്തുപയോഗിച്ച് ഇത്രയധികം പ്രദേശത്ത് നെല്‍കൃഷിയിറക്കുന്നത്. തരിശായിക്കിടന്ന വയലിൽ മൂന്നേക്കറോളം കഴിഞ്ഞ വര്‍ഷം പ്രദേശത്ത് രൂപവത്കരിച്ച കാരുണ്യ കര്‍ഷക സംഘം ഏറ്റെടുത്ത് നെല്‍കൃഷിയിറക്കിയിരുന്നു. കര്‍ഷകരായ 14 പേര്‍ ചേര്‍ന്നാണ് സംഘം രൂപവത്കരിച്ചത്. തരിശുനിലം കൃഷിക്കായി ഒരുക്കുന്നതിന് തൊഴിലുറപ്പു പദ്ധതിയില്‍ 110 ദിവസത്തെ തൊഴില്‍ ഇവര്‍ക്കായി പഞ്ചായത്ത് അനുവദിച്ചിരുന്നു. കൃഷി വിജയകരമായതോടെയാണ് ഈ വര്‍ഷം കൂടുതല്‍ വയല്‍ പാട്ടത്തിനെടുത്ത് കൃഷിയിറക്കാന്‍ ഇവര്‍ തയാറായത്. മുന്‍ വര്‍ഷത്തേതിനു പുറമെ 13 ഏക്കര്‍ തരിശുഭൂമിയിലാണ് ഈ വര്‍ഷം ഇവര്‍ നെല്‍കൃഷിയിറക്കുന്നത്. മുന്‍ വര്‍ഷത്തെപ്പോലെ തൊഴിലുറപ്പ് ജോലി ഇവര്‍ക്ക് വാഗ്ദാനം നല്‍കി. എന്നാൽ, ആനുകൂല്യം നേടുന്നതിനായി നിരവധി തവണ വെള്ളമുണ്ട പഞ്ചായത്ത് ഓഫിസില്‍ കയറിയിറങ്ങിയെങ്കിലും മെല്ലെപ്പോക്ക് കാരണം ആനുകൂല്യം ലഭ്യമായില്ല. തുടര്‍ന്ന് ദിവസങ്ങളോളം കഠിനാധ്വാനം ചെയ്താണ് ഒരാള്‍ പൊക്കത്തില്‍ കാട് മൂടിക്കിടന്നിരുന്ന വയല്‍ നെല്‍കൃഷിക്കായി ഇവർ പാകമാക്കിയെടുത്തത്. പിന്നീട് കമ്പളനാട്ടിയുടെ അകമ്പടിയോടെ കൃഷിയാരംഭിക്കുകയായിരുന്നു. ഛത്തിസ്ഗഢില്‍നിന്ന് പാലക്കാട്ടെത്തി നെല്‍വയലുകളില്‍ പുത്തനുണർവേകിയ മഹാമായ വിത്താണ് ഇവര്‍ക്ക് കൃഷിഭവന്‍ നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന രോഗപ്രതിരോധ ശേഷി, സാധാരണ നെല്ലിനേക്കാള്‍ നാലിരട്ടി കൂടുതല്‍ വിളവ്, കതിര്‍മണികള്‍ പെട്ടെന്ന് ഉതിര്‍ന്നുവീഴാത്ത വിധം ഉറപ്പ് തുടങ്ങിയവയാണ് മഹാമായയുടെ പ്രത്യേകത. പരീക്ഷണാർഥം മുന്‍വര്‍ഷം തരുവണയില്‍ കൃഷിയിറക്കിയപ്പോള്‍ കര്‍ഷകര്‍ക്ക് നല്ല വിളവാണ് ലഭിച്ചത്. വെള്ളമുണ്ട കൃഷിഭവന്‍ ഈ വര്‍ഷം 720 ക്വിൻറൽ മഹാമായ വിത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. പുളിഞ്ഞാല്‍ കല്ലാന്തോട്ടില്‍നിന്ന് എക്‌സ്കവേറ്റര്‍ ഉപയോഗിച്ച് വയലിലേക്ക് വെള്ളമെത്തിച്ചാണ് 25 ഏക്കർ വയലില്‍ നെല്‍കൃഷിയിറക്കുന്നത്. മുന്‍വര്‍ഷം തരിശ് നിലത്തില്‍ കൃഷിയിറക്കിയപ്പോള്‍ പ്രദേശത്തെ കിണറുകളില്‍ വെള്ളം വറ്റാതെ നിലനിന്നതായി കണ്ടെത്തിയതോടെയാണ് കൂടുതല്‍ തരിശ് പ്രദേശത്ത് സര്‍ക്കാര്‍ സഹായത്തോടെ കൃഷിയിറക്കാന്‍ ഇവര്‍ക്ക് പ്രചോദനമായത്. ഒരു ഹെക്ടര്‍ തരിശ് വയല്‍ നെല്‍കൃഷിയിറക്കുന്നതിന് 25,000 രൂപയാണ് സര്‍ക്കാര്‍ ആനുകൂല്യമായി നല്‍കുന്നത്. ഇതില്‍നിന്ന് സ്ഥലമുടമക്ക് 5000 രൂപയും ഒരേക്കറിന് എട്ടു പൊതി െനല്ലും നല്‍കാമെന്ന വ്യവസ്ഥയിലാണ് തരിശുഭൂമി ഇവര്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷിയിറക്കാന്‍ തയാറായത്. രോഗബാധയേല്‍ക്കാതെയും കാലാവസ്ഥ പ്രതികൂലമാവാതെയും കൃഷി നടത്താന്‍ കഴിഞ്ഞാല്‍ അടുത്ത വര്‍ഷം പ്രദേശത്ത് അവശേഷിക്കുന്ന നേന്ത്രവാഴകൃഷി ചെയ്യുന്നതും തരിശുകിടക്കുന്നതുമായ വയലുകള്‍കൂടി ഏറ്റെടുത്ത് നെല്‍കൃഷിയിറക്കാനാണ് ഇവരുടെ തീരുമാനം. കാരുണ്യ കര്‍ഷകസംഘം ഭാരവാഹികളായ ബിജു കായപ്പുറം, ജോസ് ചാമച്ചുഴി, തോമസ് പള്ളിപ്പുറം, ബിജു മുട്ടത്തിൽ, ജോസ് മൂലക്കാട് തുടങ്ങിയവരാണ് നെൽകൃഷിക്ക് നേതൃത്വം നല്‍കുന്നത്. TUEWDL14 പുളിഞ്ഞാലിലെ നെൽകൃഷി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.