മുക്കം: ആയോധനകലയിൽ നാട്ടിലും മറുനാട്ടിലും മികച്ച പ്രകടനവുമായി വിദ്യാർഥി ശ്രദ്ധനേടുന്നു. മുക്കം ചെറുവാടി സ്വദേശിയും ദുബൈ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിഗ്രി വിദ്യാർഥിയുമായ നാഫിഹ് ഉസ്മാനാണ് ആയോധനകലകളായ ജുഡോ, ഷോട്ടോക്കാൻ സ്റ്റൈൽ, കുമിത്തെ എന്നിവയിൽ ചാമ്പ്യൻപട്ടം നേടിയത്. ചെറുവാടിയിലെ കളിമുറ്റം നഴ്സറി സ്കൂളിൽ വിദ്യാർഥിയായിരിക്കെയാണ് നാഫിഹ് കരാേട്ട പരിശീലനം തുടങ്ങിയത്. 10 വർഷത്തെ നിരന്തര പരിശീലനത്തിലൂടെ ഷോട്ടോക്കാൻ സ്റ്റൈൽ ബ്ലാക്ക് ബെൽറ്റ് ഫസ്റ്റ് ഡാൻ ലഭിച്ചു. കൊടിയത്തൂർ പി.ടി.എം ഹൈസ്കൂളിൽ എട്ട്, ഒമ്പത് ക്ലാസിൽ പഠിക്കവെയാണ് കോഴിക്കോട് ജില്ല സ്കൂൾ ഗെയിംസിൽ ജൂഡോ മത്സരത്തിൽ ചാമ്പ്യനായി ഗോൾഡ് മെഡൽ ലഭിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയായിരിക്കെ സംസ്ഥാനതല ഗെയിംസിൽ ജുഡോയിൽ വെങ്കലം മെഡൽ ലഭിച്ചു. കരാേട്ട വിദഗ്ധനായ പിതാവ് ഉസ്മാൻ കരാേട്ട പഠനത്തിന് ദുബൈയിൽ അവസരമൊരുക്കിയത് വഴിത്തിരിവായി. ലോകപ്രശസ്ത കരാേട്ട ചാമ്പ്യന്മാരുടെ കീഴിൽ ദുബൈ അൻ അഫ്ലി ഹംദാൻ ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ കരാേട്ട പഠിതാവായി മാറി. തുടർന്ന് യു.എ.ഇ കരാേട്ട ഫെഡറേഷൻ അധ്യാപകർക്കുള്ള കോച്ച് സർട്ടിഫിക്കറ്റും ബ്ലാക്ക് ബെൽറ്റ് തേർഡ് ഡാൻ ബഹുമതിയും നാഫിഹിനെ തേടിയെത്തി. 2015ൽ ജെ.കെ.എസ് ( ജപ്പാൻ കരാേട്ട ഷോട്ടോക്കാൻ)നാഷനൽ കരാേട്ട ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനത്തോടെ ജൂനിയർ വിഭാഗം കുമിത്തെ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. 2016ൽ ബു ഡോക്കാൻ കുമിത്തെ ചാമ്പ്യൻഷിപ്പിലും ദുബൈ ജപ്പാൻ ഷോട്ടെ ഫെഡറേഷൻ നടത്തിയ കരാേട്ട മത്സരത്തിൽ ചാമ്പ്യൻഒാഫ് ചാമ്പ്യൻ പദവിയും തേടിയെത്തി. 2017 മേയിൽ ദുബൈയിലെ കരാേട്ട ചാമ്പ്യന്മാർക്കായി സംഘടിപ്പിച്ച ഗ്രാൻറ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ ഫൈറ്ററായി. കരാേട്ടയോടൊപ്പം കൊറിയൻ മാർഷ്യൽ ആർട്സിൽ തൈക്വാൻഡോയിലും നാഫിഹിന് ബ്ലാക്ക് ബെൽറ്റ് ലഭിച്ചിട്ടുണ്ട്. ദുബൈയിൽ ഡിഗ്രി വിദ്യാർഥിയായിരിക്കെ അൽ അഹ്ലി ക്ലബ്, കരാേട്ട കിഡ് മാർഷ്യൽ ആർട്സ് സ്ഥാപനത്തിലും പരിശീലകനായി പ്രവർത്തിക്കുന്നുണ്ട്. 13 വർഷമായി യു.എ.ഇയിൽ കരാേട്ട ഫെഡറേഷെൻറ കോ-ഓഡിനേറ്ററായി ജോലിചെയ്യുന്ന പിതാവ് സി.വി. ഉസ്മാൻ ചെറുവാടി സ്വദേശിയാണ്. ആരിഫയാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.