കുറ്റ്യാടി: ജില്ല അതിർത്തിയിലുള്ള തൊട്ടിൽപാലം പൊലീസ് സ്റ്റേഷന് ഇനിയും സ്വന്തം കെട്ടിടമായില്ല. 31 കൊല്ലമായി വാടക കെട്ടിടങ്ങളിലാണ് മാറിമാറി സ്റ്റേഷൻ പ്രവർത്തിക്കുന്നത്. അവസാനമായി തൊട്ടിൽപാലം ടൗണിലെ സ്വകാര്യ വാടക കെട്ടിടത്തിെൻറ ഒന്നാംനിലയിലാണ് സ്റ്റേഷൻ പ്രവർത്തനം. കുറ്റ്യാടി പൊലീസ്സ്റ്റേഷൻ പരിധിയിലായിരുന്ന കാവിലുംപാറ പഞ്ചായത്തും മരുതോങ്കര, കായക്കൊടി പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളും ഉൾപ്പെടുത്തി 1986ലാണ് ഒരു കൊച്ചു വാടകവീട്ടിൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. 10 വർഷത്തോളം ചോർന്നൊലിക്കുന്ന അവിടെ പ്രവർത്തിച്ചശേഷം കാവിലുംപാറ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൻറ രണ്ടാം നിലയിലേക്ക് മാറ്റി. രണ്ടാംനിലയിലെ സ്റ്റേഷൻ പ്രവർത്തനം വലിയ പ്രയാസം സൃഷ്ടിച്ചതോടെ അവിടെനിന്നു മാറ്റിയാണ് നിലവിലെ കെട്ടിടത്തിലാക്കിയത്. പൊലീസ് ജീപ്പ് പോലും പാർക്ക് ചെയ്യാൻ ഇടമില്ലാത്ത ഇവിടെ റോഡിലാണ് തൊണ്ടിവാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത്. ഇത് റോഡിൽ ഗതാഗത തടസ്സത്തിന് കാരണമാകുന്നുമുണ്ട്. വയനാട് ജില്ല അതിർത്തി വരെ ഈ സ്റ്റേഷൻ പരിധിയിലാണ്. സുരക്ഷിതത്വം കുറഞ്ഞതിനാൽ വലിയ വാഹനങ്ങളും മറ്റും കസ്റ്റഡിയിലെടുത്താൽ കുറ്റ്യാടി സ്റ്റേഷനിലാണ് സൂക്ഷിക്കാറ്. കുറ്റ്യാടി ടൗണിൽനിന്ന് ബിവറേജസ് കോർപറേഷെൻറ വിദേശ മദ്യഷോപ് തൊട്ടിൽപാലം ടൗണിലേക്ക് മാറ്റിയതോടെ പൊലീസിന് 'തലവേദന' കൂട്ടിയിട്ടുണ്ടെത്ര. കെട്ടിടം പണിയാൻ കാവിലുംപാറ പഞ്ചായത്ത് സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം 16 സെൻറ് സ്ഥലം നൽകിയിട്ട് വർഷത്തിലേറെയായിട്ടും നിർമാണ നടപടികൾ തുടങ്ങാനായിട്ടില്ല. കൈമാറ്റ നടപടികൾ പൂർത്തിയാക്കാത്തതാണ് കാരണമെന്ന് കുറ്റ്യാടി സി.ഐ സുനിൽകുമാർ പഞ്ഞു. സാങ്കേതിക പ്രശ്നങ്ങളാണ് സ്ഥലം ആഭ്യന്തര വകുപ്പിന് വിട്ടു കിട്ടുന്നതിനുള്ള തടസ്സം. നടപടികൾ ഉടൻ പൂർത്തിയാക്കി കെട്ടിടനിർമാണം ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.