വിപ്ലവനായികയെ കാണാൻ ആൻറണി എത്തി

ആലപ്പുഴ: ഏറെനാളിനുശേഷമാണ് ഗൗരിയമ്മയെ കാണാൻ നാട്ടുകാരനും പഴയ സഹപ്രവർത്തകനുമായ എ.കെ. ആൻറണി എത്തിയത്. വയലാര്‍ രവിയുടെ പിറന്നാള്‍ ആഘോഷത്തിന് ആലപ്പുഴയില്‍ എത്തിയ ആൻറണി അപ്രതീക്ഷിതമായാണ് കെ.ആര്‍. ഗൗരിയമ്മയെ കാണാന്‍ ചാത്തനാട്ടെ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ട് എത്തിയത്. ഒരു മണിക്കൂര്‍ നീണ്ട സൗഹൃദ സംഭാഷണം ഗൗരിയമ്മക്ക് ആഹ്ലാദം പകർന്നു. അവർ ആൻറണിയോട് മനസ്സ് തുറന്നു. ഗൗരിയമ്മ ഒരു ദിവസം ചേര്‍ത്തലയിലെ കുടുംബ വീട്ടിലേക്ക് വരണമെന്ന് എ.കെ. ആൻറണി അഭ്യർഥിച്ചു. ജീവിതത്തില്‍ കാണിച്ച ചിലതെല്ലാം തെറ്റായിപ്പോയെന്നും ചേര്‍ത്തലയിലെ കുടുംബ വീട്ടില്‍ വരുകയല്ല, അവിടെ താമസിക്കുകയാണ് വേണ്ടതെന്നും ഗൗരിയമ്മ മറുപടി പറഞ്ഞു. പക്ഷേ, ഇനി നടക്കുമോയെന്ന് അറിയില്ല. ടി.വിയുമായി തെറ്റിപ്പിരിഞ്ഞപ്പോള്‍തന്നെ ആലപ്പുഴയില്‍നിന്ന് അങ്ങോട്ട് പോകേണ്ടതായിരുെന്നന്ന് ഗൗരിയമ്മ ഇടറിയ ശബ്ദത്തോടെ പറഞ്ഞു. ഗൗരിയമ്മക്ക് നല്ല മനസ്സാണ് ഇപ്പോഴുമുള്ളതെന്ന് പറഞ്ഞ ആൻറണി 100ാം പിറന്നാള്‍ ശരിക്കും നമുക്ക് ആഘോഷിക്കണമെന്ന് പറഞ്ഞു. പിന്നെ കരുണാകര​െൻറ വയസ്സിനെക്കുറിച്ചായിരുന്നു സംസാരം. ഗുരുവായൂരില്‍ വെച്ച് കരുണാകരനൊപ്പമുള്ള ഗൗരിയമ്മയുടെ ഒരു സൂപ്പര്‍ ഫോട്ടോ ത​െൻറ പക്കലുണ്ടെന്ന് ആൻറണി പറഞ്ഞപ്പോള്‍ അമ്പലത്തില്‍ പോയത് സ്വകാര്യ സംഭാഷണത്തിനല്ല എന്നായിരുന്നു ഗൗരിയമ്മയുടെ പ്രതികരണം. ആൻറണി വയലാര്‍ രവിയെക്കുറിച്ച് പറഞ്ഞപ്പോള്‍ രവിയുടെ ഭാര്യ മേഴ്‌സിയെക്കുറിച്ച് ഗൗരിയമ്മ ഓര്‍ത്തെടുത്തു. താന്‍ മന്ത്രിയായിരുന്നപ്പോള്‍ സ്ഥിരമായി ത​െൻറ മുറിയില്‍ മേഴ്‌സി വരുമായിരുന്നു. മന്ത്രിസ്ഥാനം പോയപ്പോള്‍ മേഴ്‌സിയുടെ വീട്ടില്‍ തന്നെ കയറ്റിയില്ലെന്നും ഗൗരിയമ്മ പറഞ്ഞു. മേഴ്‌സിയെ കെട്ടാനിരുന്നത് താനാണോയെന്ന് ഗൗരിയമ്മ ചോദിച്ചപ്പോള്‍ ആൻറണി പൊട്ടിച്ചിരിച്ചു. അന്ന് താന്‍ വിവാഹത്തെക്കുറിച്ച് പോലും ആലോചിക്കാത്ത ആളായിരുന്നെന്നായിരുന്നു ആൻറണിയുടെ മറുപടി. ചിരിയില്‍നിന്ന് പെട്ടെന്ന് വി.എസിലേക്കെത്തി. വി.എസ് എന്തൊക്കെ തോന്ന്യാസമാണ് ഇപ്പോള്‍ പറയുന്നത്. തന്നെ പാര്‍ട്ടിയില്‍നിന്ന് കളഞ്ഞ ആളാണ് വി.എസ്. പിണറായി വിജയന്‍ അത് തെറ്റായിപ്പോയെന്ന് പറയുന്നുണ്ട്. 20 കൊല്ലം കഴിഞ്ഞാണോ ഈ തെറ്റ് പാര്‍ട്ടി കണ്ടുപിടിച്ചതെന്നും ആൻറണിയോട് ഗൗരിയമ്മ ചോദിച്ചു. ചേര്‍ത്തലയിലെ കുടുംബവീട്ടിലേക്ക് ഒരു പ്രാവശ്യം ഗൗരിയമ്മ എന്നാണെങ്കിലും വരാന്‍ തയാറാകണമെന്ന് ആൻറണി വീണ്ടും അഭ്യര്‍ഥിച്ചു. നല്ല മീന്‍ കറിയും ഊണും ശരിയാക്കി ഒരു ദിവസം നമുക്ക് അവിടെ കൂടാമെന്ന് ഗൗരിയമ്മ ആൻറണിക്ക് ഉറപ്പുനല്‍കി. ആൻറണിയെ യാത്രയാക്കാന്‍ ഗൗരിയമ്മ വീടി​െൻറ പടിവാതിക്കല്‍വരെ എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.