കല്ലാച്ചി: ബസ് പണിമുടക്ക് ഗ്രാമീണ മേഖലയെ നിശ്ചലമാക്കി. ഗതാഗതപ്രശ്നം രൂക്ഷമായ മലയോരത്ത് ടാക്സി വാഹനങ്ങളാണ് നാട്ടുകാർക്ക് ആശ്വാസമായത്. നൂറിൽപരം ടാക്സികളാണ് സർവിസ് നടത്തിയത്. വളയം, ചെക്യാട്, വാണിമേൽ, നാദാപുരം, കക്കട്ട്, പുറമേരി ഭാഗങ്ങളിലെ ഒട്ടുമിക്ക ടാക്സി ജീപ്പുകളും ദീർഘദൂര ഒാട്ടത്തിന് പോയതോടെ യാത്രക്കാർ വലഞ്ഞു. നാദാപുരം-വടകര, നാദാപുരം-കുറ്റ്യാടി, നാദാപുരം-തലശ്ശേരി ഭാഗങ്ങളിൽ ജീപ്പുകളും ഓട്ടോ ടാക്സികളും മത്സരിച്ച് സർവിസ് നടത്തിയപ്പോൾ നാമമാത്രമായി സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകളിൽ വൻ തിരക്കായിരുന്നു. സ്വകാര്യ വാഹനങ്ങളുടെ കടന്നുകയറ്റംമൂലം പ്രതിസന്ധിയിലായിരുന്ന ജീപ്പ് ഡ്രൈവർമാർക്ക് സമരം അപ്രതീക്ഷിത ചാകരയായി. സാമാന്യം ഭേദപ്പെട്ട കലക്ഷനായിരുന്നു പലർക്കും കിട്ടിയത്. എന്നാൽ, ബസ് സർവിസ് കുറഞ്ഞ സ്ഥിരം ടാക്സി സർവിസ് മാത്രം നടന്നിരുന്ന ഉൾനാടൻ പ്രദേശങ്ങളിൽ ജീപ്പുകൾ ദീർഘദൂര സർവിസിന് പോയതിനാൽ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളാണ് ബുദ്ധിമുട്ടിയത്. സ്കൂൾ പഠന മികവ് വർധിപ്പിക്കാൻ ജില്ല പഞ്ചായത്ത് വക 'പടവുകൾ' നാദാപുരം: ജില്ല പഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ സ്കൂളുകളുടെ പഠന മികവ് വർധിപ്പിക്കാൻ 'പടവുകൾ' എന്നപേരിൽ ജനകീയ പദ്ധതി തുടങ്ങി. ഒന്നു മുതൽ 12ാം ക്ലാസ് വരെ നടപ്പാക്കുന്ന പദ്ധതി ജില്ലയിൽ നാദാപുരം ഡിവിഷനിലാണ് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. വടകര ഡി.ഇ.ഒ സദാനന്ദൻ മണിയോത്ത് പദ്ധതി വിശദീകരിച്ചു. ഡിവിഷൻ പരിധിയിലെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ, ഹൈസ്കൂൾ-എൽ.പി-യു.പി പ്രധാനാധ്യാപകർ, വിജയോത്സവം-എസ്.ആർ.ജി കൺവീനർമാർ, എയ്ഡഡ് സ്കൂൾ മാനേജർമാർ എന്നിവർ പങ്കെടുത്ത സംഗമത്തിലാണ് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച സ്കൂളുകളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ അനുമോദിച്ചു. നാദാപുരം പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി.കെ. രാജൻ, പി.കെ. ശൈലജ, ഒ.സി. ജയൻ, എം. നാരായണി, സി.വി. കുഞ്ഞികൃഷ്ണൻ, മുഹമ്മദ് ബംഗ്ലത്ത്, മണ്ടോടി ബഷീർ, സി.കെ. റീന, ഇ. സിദ്ദീഖ്, എൻ.കെ. മൂസ, സജീവൻ മൊകേരി, ഐ.ടി @ സ്കൂൾ ജില്ല കോഒാഡിനേറ്റർ സുരേഷ്, തൂണേരി ബി.പി.ഒ പ്രദീപൻ, നാസർ എടച്ചേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.