കോഴിക്കോട്: മിഠായിതെരുവ് നവീകരണം ആഗസ്റ്റ് 25ന് പൂർത്തിയാക്കാനും ഓണാഘോഷത്തിെൻറ ഭാഗമായി നഗരത്തിലുണ്ടാവുന്ന തിരക്ക് ഒഴിവാക്കാൻ വാഹനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്താനും ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. സെപ്റ്റംബർ ഒന്നു മുതൽ അഞ്ചുവരെയാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം. ഓണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ ഇതിന് മുമ്പുള്ള ദിവസങ്ങളിലും ട്രാഫിക് ക്രമീകരണങ്ങൾ ഉണ്ടാവും. ഒരാൾ മാത്രമായി വരുന്ന നാലുചക്ര വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമുണ്ടാവില്ല. കൂടുതൽ വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ നഗരപരിധിയിൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തും. സ്കൂളുകളുടേയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ഗ്രൗണ്ടുകൾ ഇതിനായി ഉപയോഗപ്പെടുത്തും. ചെറിയ നിരക്കിലുള്ള ഫീസ് നിശ്ചയിച്ച് വിദ്യാലയങ്ങളുടെ അധ്യാപക രക്ഷാകർതൃ സമിതികളെ ഇക്കാര്യത്തിൽ സഹകരിപ്പിക്കാനാണ് ആലോചിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടേയും സൗകര്യം പരിഗണിച്ച് മിഠായിതെരുവിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ടാങ്കർ ലോറികളുടെ ഗതാഗതം രാത്രി 10 മുതൽ രാവിലെ എട്ടു വരെയായി നിജപ്പെടുത്തും. ഗതാഗതത്തിന് തടസ്സമാകും വിധത്തിലുളള തെരുവോര കച്ചവടം നിയന്ത്രിക്കാനും തീരുമാനമായി. തെരുവോര കച്ചവടത്തിന് നിയന്ത്രണമേർപ്പെടുത്തേണ്ട പ്രദേശങ്ങളുടെ പട്ടിക കോർപറേഷൻ നൽകും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പ്രത്യേകം സ്ക്വാഡുകൾ പ്രവർത്തിക്കും. മദ്യത്തിേൻറയും മയക്കുമരുന്നുകളുടേയും ഉപയോഗത്തിനെതിരെയുള്ള പരിശോധനയും ശക്തമാക്കും. ബീച്ചിലെ ട്രാഫിക് നിയന്ത്രണത്തിന് പൊലീസിെൻറ മേൽനോട്ടത്തിൽ പ്രത്യേകം വളണ്ടിയർ വിഭാഗത്തെ നിയോഗിക്കും. ആഘോഷ പരിപാടികൾ കഴിഞ്ഞ് ആളുകൾക്ക് തിരിച്ചുപോകാനായി വിവിധ പ്രദേശങ്ങളിലേക്ക് ബസ് സർവിസ് ഏർപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാർ, ഡെപ്യൂട്ടി കലക്ടർ ലില്ലി, ആർ.ടി.ഒ സി.ജെ. പോൾസൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.