---------------------------------------------------------------------എം.ഇ.ടി കോളജ് വിദ്യാർഥികളെ ബോംബെറിഞ്ഞ സംഭവം: പൊലീസ് അക്രമികൾക്ക് കൂട്ടുനിൽക്കുന്നുവെന്ന് യൂത്ത്​ലീഗ്

നാദാപുരം: കല്ലാച്ചി എം.ഇ.ടി കോളജ് വിദ്യാർഥികൾക്കുനേരെ നടന്ന ബോംബേറ് ഉൾപ്പെടെയുള്ള അക്രമസംഭവത്തിൽ സി.പി.എം ക്രിമിനൽ സംഘത്തിൽപെട്ട അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് മുസ്ലിം യൂത്ത്ലീഗ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ബോംബേറ് കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്‌തെന്ന് പറയുന്ന പൊലീസ്, തങ്ങളുടെ കൺമുന്നിൽ വെച്ച് എം.എസ്.എഫ് പ്രവർത്തകരെ ക്രൂരമായി മർദിക്കുമ്പോൾ അക്രമിസംഘത്തിന് കാവൽനിൽക്കുകയാണ് ചെയ്തത്. പൊലീസ് നിലപാടിൽ ജനവികാരം ശക്തമായതോടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് സ്വീകരിക്കുന്നത്. ഈ സംഭവത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമരത്തിന് യൂത്ത്ലീഗ് നേതൃത്വം നൽകും. ഇത്രയും വലിയ സംഭവമുണ്ടായിട്ടും പരിക്കേറ്റവരെ സന്ദർശിക്കാനോ, വിഷയം പഠിക്കാനോ തയാറാവാത്ത സ്ഥലം എം.എൽ.എ നാടിനു അപമാനമാണെന്നും അവർ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി വി.വി. മുഹമ്മദലി, ജില്ല ജനറൽ സെക്രട്ടറി കെ.കെ. നവാസ്, മണ്ഡലം പ്രസിഡൻറ് കെ.എം. സമീർ, ജനറൽ സെക്രട്ടറി സി.കെ. നാസർ, എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ് മുഹമ്മദ് പേരോട് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.