ഭൂനികുതി സ്വീകരിക്കുന്നില്ല: കൽപത്തൂർ, രാമല്ലൂർ പ്രദേശങ്ങളിലെ 62 കുടുംബങ്ങൾ ദുരിതത്തിൽ

പേരാമ്പ്ര: ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്ന് നൊച്ചാട് വില്ലേജിലെ കൽപത്തൂർ, രാമല്ലൂർ പ്രദേശത്തെ 62 കുടുംബങ്ങൾ ദുരിതത്തിൽ. പ്രദേശത്തെ 18.88 ഏക്കർ സ്ഥലത്തി​െൻറ നികുതിയാണ് വർഷങ്ങളായി സ്വീകരിക്കാത്തത്. നികുതിശീട്ട് ലഭിക്കാത്തതിനാൽ പലവിധ ദുരിതങ്ങളാണ് ഇവിടത്തുകാർ അനുഭവിക്കുന്നത്. വൈദ്യുതി കണക്ഷൻ, വിവാഹം, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ബാങ്ക് വായ്പ എന്നിവ നികുതിശീട്ട് ഇല്ലാത്തതുകാരണം ലഭിക്കുന്നില്ല. ഇത് സർക്കാർ ഭൂമിയാണെന്നാണ് അധികൃതരുടെ ഭാഷ്യം. 1937ൽ ജന്മിത്വ സമ്പ്രദായം നിലനിന്ന കാലത്ത് ജന്മി ബ്രിട്ടീഷ് സർക്കാറിലേക്ക് നികുതി അടക്കാത്തതുകാരണം ഈ ഭൂമി സർക്കാറിലേക്ക് കണ്ടുകെട്ടി. എന്നാൽ, ഇവിടത്തെ കുടികിടപ്പുകാരെ ഒഴിപ്പിച്ചില്ല. ഇവിടത്തുകാർ ഈ ഭൂമി തലമുറതലമുറ കൈമാറിവരുകയും ചെയ്തു. നേരത്തേ പേരാമ്പ്ര ലാൻഡ് ട്രൈബ്യൂണലിൽനിന്ന് പലർക്കും പട്ടയം ലഭിച്ചിരുന്നു. എന്നിട്ടും നികുതി സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. 1977ന് മുമ്പുള്ള കൈയേറ്റ ഭൂമിക്ക് പട്ടയം കൊടുക്കുന്ന സർക്കാർ സ്വാതന്ത്ര്യത്തിന് മുമ്പ് കൈവശംവെച്ച് അനുഭവിച്ചുവരുന്ന ഈ ഭൂമിക്ക് നികുതി സ്വീകരിക്കാത്തത് നീതിനിഷേധമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നികുതി സ്വീകരിക്കാത്തതിനാൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഇവർ. മന്ത്രി ടി.പി. രാമകൃഷ്ണന് കമ്മിറ്റി നിവേദനം നൽകിയിട്ടുണ്ട്. ഒന്നാംഘട്ട സമരത്തി​െൻറ ഭാഗമായി ഈ മാസം 16ന് കർഷകസംഘം കൽപത്തൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൊച്ചാട് വില്ലേജ് ഒാഫിസിലേക്ക് മാർച്ച് നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ.കെ. ദിവാകരൻ, എ.പി. ബാലകൃഷ്ണൻ, കെ.യു. ജിതേഷ്, ഇ.പി. ശങ്കരൻ, കെ. മോഹനൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.