കൊയിലാണ്ടി: ദേശീയപാതയിൽ പാലക്കുളം ഭാഗത്ത് ദേശീയപാത തകർന്നടിഞ്ഞു. അഞ്ച് കിലോമീറ്ററോളം പാത ദുർഘടമാണ്. ഏറെക്കാലമായി യാത്രക്കാർ ദുരിതം നേരിടുകയാണെങ്കിലും അധികൃതർ ഗൗരവത്തോടെ കാണാത്തതിൽ പ്രതിഷേധം വ്യാപകമാണ്. വൻ ഗർത്തങ്ങൾ പാതയിൽ പലയിടത്തും രൂപംകൊണ്ടിട്ടുണ്ട്. ഇത് അപകട സാധ്യത വർധിപ്പിക്കുകയാണ്. കുഴിയിൽ വീഴാതെ യാത്രചെയ്യാൻ മെയ്യഭ്യാസംതന്നെ നടത്തണം. ആനക്കുളത്തുനിന്ന് കൊല്ലത്തേക്ക് വരുന്ന ഭാഗത്തെ കൊടും വളവിലെ ഗർത്തത്തിന് ഒരടിയോളം താഴ്ചയുണ്ട്. സിൽക്ക് ബസാറിൽ റോഡിെൻറ ഉപരിതലം പൂർണമായും തകർന്നിട്ടുണ്ട്. ഇവിടെ കുഴിയടക്കൽ പ്രവൃത്തി നടത്തിയെങ്കിലും പിറ്റേന്നുതന്നെ പൊളിയുകയായിരുന്നു. രാത്രിയിലെ യാത്ര കൂടുതൽ പ്രയാസകരമാണ്. തകർന്ന റോഡുകൾക്കൊപ്പം ട്രാഫിക് മുന്നറിയിപ്പ് ബോർഡുകളൊന്നും പല ഭാഗത്തുമില്ല. മൂടാടി, കൊല്ലം ഭാഗങ്ങളിൽ ഡിവൈഡറുകളിൽ റിഫ്ലക്ടറുകളുമില്ല. ഇതും അപകട സാധ്യത കൂട്ടുന്നു. തെരുവുവിളക്കുകളുടെ അഭാവവും ദുരിതം തീർക്കുന്നുണ്ട്. പൊതുവെ ഗതാഗതക്കുരുക്ക് രൂക്ഷമായ മേഖലയാണിത്. റോഡുകൾ തകർന്നതോടെ ഗതാഗത തടസ്സം ഇരട്ടിയായി. കഴിഞ്ഞ വേനലിൽ നന്തി ഭാഗത്ത് റീ ടാറിങ് നടത്തിയിരുന്നുവെങ്കിലും മറ്റു ഭാഗങ്ങളെ ഒഴിവാക്കുകയായിരുന്നു. റോഡ് ടാക്സും മറ്റു നികുതികളും അടച്ചിട്ടും സുഗമമായി യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധം കൊയിലാണ്ടി: ദേശീയപാതയിലെ തകർച്ചക്ക് പരിഹാരം കാണാത്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴ നട്ടു. കൊല്ലം ഭാഗത്തെ റോഡിലെ വൻ ഗർത്തത്തിലാണ് വാഴവെച്ച് പ്രതിഷേധിച്ചത്. ഉണ്ണികൃഷ്ണൻ മരളൂർ, സായൂഷ്, നിധിൻ പ്രഭാകർ, റാഷിദ് മുത്താമ്പി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.