മലയാളത്തിെൻറ സുകൃതം; കാലത്തിനൊപ്പം സഞ്ചരിച്ച ചിത്രങ്ങൾ...

കോഴിക്കോട്: കാലത്തിനൊപ്പം സഞ്ചരിച്ച ഇതിഹാസകഥാകാരൻ എം.ടിയുെട ജീവസ്സുറ്റ ചിത്രങ്ങളുമായി ആർട്ട്ഗാലറിയിൽ ചിത്രപ്രദർശനം തുടങ്ങി. 'എം.ടി; കാലം,സുകൃതം' എന്നപേരിലാണ് മാതൃഭൂമി കോഴിക്കോട് യൂനിറ്റിലെ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ കെ.കെ. സന്തോഷ് പകർത്തിയ എം.ടി ചിത്രങ്ങളുടെ പ്രദർശനം തുടങ്ങിയത്. ചിരിക്കാൻ മടിയുള്ള വ്യക്തിത്വം എന്ന എം.ടിയെക്കുറിച്ചുള്ള സങ്കൽപം ഈ പ്രദർശനത്തിനെത്തിയാൽ മാറും. പൊതുപരിപാടികളിൽ മനോഹരമായി ചിരിക്കുന്ന മുഖവും വൈവിധ്യമാർന്ന ഭാവങ്ങളാൽ സമ്പന്നമായ ചിത്രങ്ങളും ഏറെയുണ്ട്. സൗഹൃദക്കൂട്ടങ്ങളെ ഏറെ ആസ്വദിക്കുന്ന എം.ടിയുടെ ചില ചിത്രങ്ങൾക്ക് ഗൗരവവും മറ്റുചിലതിന് നിഷ്കളങ്കതയും ഇനിയും ചിലതിന് വാത്സല്യവുമെല്ലാം അലങ്കാരം പകർന്നിരിക്കുന്നു. മൂത്ത മകൾ സിതാരയോടൊപ്പം തമാശയാസ്വദിച്ചിരിക്കുന്ന അപൂർവചിത്രം ഏറെ ആകർഷകമാണ്. പത്നി കലാമണ്ഡലം സരസ്വതിക്കൊപ്പവും മകൾ അശ്വതിക്കൊപ്പവും കൊച്ചുമകനൊപ്പവുമെല്ലാം ഇരിക്കുമ്പോൾ തികഞ്ഞ ഒരു കുടുംബനാഥനാവുകയാണ് എം.ടി. കല, സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയ, സാമൂഹികരംഗങ്ങളിലെ അതുല്യപ്രതിഭകൾക്കൊപ്പം ആ അക്ഷരസാഗരം ഒത്തുചേരുന്ന ഫ്രെയിമുകൾ കൂടാതെ, ഏകാന്തതയാസ്വദിച്ച് ചിന്തയിൽ അലിഞ്ഞിരിക്കുന്ന മനോഹരചിത്രങ്ങളും കാണാം. വൈക്കം മുഹമ്മദ് ബഷീർ, തകഴി, കമല സുറയ്യ, ടി. പത്മനാഭൻ, യു.ആർ. അനന്തമൂർത്തി, പ്രതിഭ റോയ്, ഗുലാം അലി, ഇ.കെ. നായനാർ, ഡോ. എം.ജി.എസ്. നാരായണൻ, എം.പി. വീരേന്ദ്രകുമാർ, അക്ബർ കക്കട്ടിൽ, കാവാലം നാരായണപ്പണിക്കർ, യേശുദാസ്, എം.വി. ദേവൻ, മമ്മൂട്ടി, സുഗതകുമാരി തുടങ്ങിയവരോടൊപ്പമുള്ള എം.ടിയുെട ജീവിതമുഹൂർത്തങ്ങളിലേക്ക് കെ.കെ. സന്തോഷി​െൻറ കാമറ കണ്ണോടിച്ചിരിക്കുന്നു. കെ.കെ. സന്തോഷ് 22 വർഷങ്ങളായി കഥാകാരനെ പിന്തുടർന്ന് പകർത്തിയ 115 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. മലയാള സർവകലാശാല വി.സി കെ. ജയകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പുനലൂർ രാജൻ, എൻ.രാജേഷ്, കെ.കെ. സന്തോഷ്, സി.പി. വത്സൻ എന്നിവർ സംസാരിച്ചു. 13ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.