പേരാമ്പ്ര: ജില്ലയിലെ പത്താമത്തെ ചെറുകിട ജലവൈദ്യുതി പദ്ധതിക്ക് പെരുവണ്ണാമൂഴിയിൽ ഈ മാസം 31ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. കുറ്റ്യാടി ജലസേചനപദ്ധതിയുടെ പെരുവണ്ണാമൂഴി ജലസംഭരണിയിൽ നിന്നും അധികജലം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുറ്റ്യാടി ജലവൈദ്യുതിപദ്ധതിയുടെ കക്കയം പവർ ഹൗസുകളിൽ നിന്നും വൈദ്യുതി ഉൽപാദനം കഴിഞ്ഞുള്ള വെള്ളം പെരുവണ്ണാമൂഴി ജലസംഭരണിയിലേക്കാണ് എത്തുന്നത്. ഈ ജലം ഉപയോഗിച്ച് 24.70 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് പെരുവണ്ണാമൂഴി പദ്ധതിയിൽ ലക്ഷ്യമിടുന്നത്. പ്രധാന ഡാം റിസർവോയറിൽ നിന്ന് പിള്ളപ്പെരുവണ്ണ ഭാഗത്തേക്ക് 200 മീറ്റർ അകലെ നിന്നാണ് പദ്ധതിയുടെ ടണൽ ആരംഭിക്കുന്നത്. 4 .20 മീറ്റർ വ്യാസമുള്ള ടണലിന് 342 മീറ്റർ നീളമുണ്ട്. 10 മീറ്റർ വ്യാസത്തിൽ 30 മീറ്റർ ആഴത്തിലുള്ള സർജ് ടാങ്കിൽ നിന്നും 282.80 മീറ്റർ അകലെയാണ് പവർ ഹൗസ് നിർമിക്കുന്നത്. 3.30 മീറ്റർ വ്യാസവും 240 മീറ്റർ നീളവുമുള്ള പ്രഷർ ഷാഫ്റ്റ് 42.80 മീറ്ററിലുള്ള പെൻസ്റ്റോക്കുവഴി എട്ട് മീറ്റർ താഴ്ചയിൽ നിർമിക്കുന്ന പവർഹൗസിലെത്തിച്ച് മൂന്ന് മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകൾ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദനം നടത്തും. മിച്ചമുള്ള ജലം പ്രധാനഡാമിനു 500 മീറ്റർ താഴെ കുറ്റ്യാടിപ്പുഴയിൽ തന്നെ ഒഴുക്കും. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി നിലവിലുള്ള ചക്കിട്ടപാറ 110 കെ.വി സബ് സ്റ്റേഷനിൽ എത്തിച്ച് വിതരണം ചെയ്യും. പദ്ധതിക്കായി നാല് സ്വകാര്യവ്യക്തികളിൽ നിന്നായി 0.454 ഹെക്ടർ ഭൂമിയും ജലവിഭവ വകുപ്പിെൻറ കീഴിലുള്ള 4.423 ഹെക്ടർ സർക്കാർ സ്ഥലവും വൈദ്യുതിബോർഡ് ഏറ്റെടുത്തിട്ടുണ്ട്. 12-5-2017ന് പദ്ധതി പ്രവർത്തിക്കുള്ള സർക്കാർ അനുവാദവും ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. 39. 38 കോടി രൂപ വകയിരുത്തി പദ്ധതിയുടെ വിവിധ പ്രവൃത്തികൾ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൗലോസ് ജോർജ് കൺസ്ട്രക്ഷൻ കമ്പനിക്ക് നൽകിക്കഴിഞ്ഞു. മൂന്നുവർഷത്തിനുള്ളിൽ പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരിക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്കു എം.എൻ.ആർ.ഇ 20 കോടി ഗ്രാൻറ് അനുവദിച്ചിട്ടുണ്ട്. ഒമ്പത് വർഷം കൊണ്ട് മുടക്കുമുതൽ തിരികെ ലഭിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.