ക്വിറ്റ് ഇന്ത്യ ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് ഗെയ്​ൽ ഇരകൾ

നടുവണ്ണൂർ: ക്വിറ്റ് ഇന്ത്യ ദിനത്തിൽ 'ഗെയ്ൽ -ക്വിറ്റ് കോട്ടൂർ, ക്വിറ്റ് കേരള' എന്ന പേരിൽ കോട്ടൂരിൽ ഗെയ്ൽ ഇരകൾ മനുഷ്യച്ചങ്ങല തീർത്തു. ജനവാസമേഖലയിൽ വരുന്ന ഗ്യാസ് പൈപ്പ്ലൈൻ പദ്ധതിക്കെതിരെയാണ് ബഹുജനങ്ങൾ മനുഷ്യച്ചങ്ങല തീർത്തത്. സംയുക്ത സമരസമിതിയുടെയും സംയുക്ത കർഷകവേദിയുടെയും നേതൃത്വത്തിലാണ് പ്രതിഷേധം. കോട്ടൂർ വില്ലേജ് ഓഫിസിനു മുന്നിൽനിന്ന് തുടങ്ങിയ മനുഷ്യച്ചങ്ങലയിൽ നിരവധി പേരാണ് കൈകോർത്തത്. പടിയക്കണ്ടി അങ്ങാടിയിലൂടെയാണ് ജനങ്ങൾ അണിനിരന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറാങ്ങോട്ട്, ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കല-സാംസ്കാരിക പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, വീട്ടമ്മമാർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. കോട്ടൂർ വിഷ്ണു ക്ഷേത്രത്തിനടുത്ത് 50 സ​െൻറ് വയൽ -തണ്ണീർത്തടം നികത്തി വാൽവ് സ്റ്റേഷൻ നിർമിച്ചാൽ വെള്ളംകുടി മുട്ടുന്ന വല്ലോറമല നിവാസികളും ചങ്ങലയിൽ പങ്കെടുത്തു. മണ്ണും വീടും നാടും വയലും തണ്ണീർത്തടങ്ങളും കുടിവെള്ളവും പുരയിടങ്ങളും കൃഷിയിടങ്ങളും കാത്തുസൂക്ഷിക്കുമെന്ന സംരക്ഷണ പ്രതിജ്ഞയുമെടുത്തു. ഗെയ്ൽ വിരുദ്ധ സമരസമിതി ലീഗൽ സെൽ ചെയർമാൻ അഡ്വ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. പൊതുയോഗം സംസ്ഥാന സമരസമിതി അംഗം അലവിക്കുട്ടി കാവനൂർ ഉദ്ഘാടനം ചെയ്തു. പി. ഉണ്ണി നായർ, അച്യുത് വിഹാർ, സി.എച്ച്. മൂസ ചങ്ങരോത്ത്, പി.കെ. ഗോപാലൻ, ബാൽറാം കോട്ടൂർ, മഹേന്ദ്രൻ നങ്ങാറത്ത്‌, സുധീഷ് കോട്ടൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.