കോളറ: ഇതരസംസ്ഥാന തൊഴിലാളികളെ മോശം സാഹചര്യത്തിൽ താമസിപ്പിച്ചാൽ കെട്ടിട ഉടമകൾക്കെതിരെ നടപടി താമസകേന്ദ്രങ്ങളിൽ നിരന്തരപരിശോധന നടത്താൻ നിർേദശം നൽകി കോഴിക്കോട്: ജില്ലയിൽ കോളറ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ താമസിപ്പിക്കുന്നവർക്കെതിരെ ദുരന്തനിവാരണനിയമപ്രകാരം കർശന നടപടിയെടുക്കും. തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിെലയും ജില്ല ലേബർ ഓഫിസ്, ജില്ലാ മെഡിക്കൽ ഓഫിസ് എന്നിവിടങ്ങളിെലയും ഉദ്യോഗസ്ഥസംഘം പരിശോധന നടത്താൻ ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തൊഴിലാളികളുടെ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പുവരുത്തുന്നതിലേക്കായി വ്യവസ്ഥകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ഗ്രേഡിങ് ചെയ്യും. നിശ്ചിത നിലവാരമില്ലാത്ത താമസം ഒരുക്കുന്ന കെട്ടിടം ഉടമകൾക്കെതിരെ നടപടിയുണ്ടാവും. വളരെ മോശമായ സാഹചര്യങ്ങളിലാണ് തൊഴിലാളികളെ പല കേന്ദ്രങ്ങളിലും താമസിപ്പിച്ചിരിക്കുന്നതെന്ന് ലേബർ, ആരോഗ്യവകുപ്പ് അധികൃതർ യോഗത്തിൽ പറഞ്ഞു. ഇത് തൊഴിലാളികൾക്കിടയിലും പരിസരപ്രദേശങ്ങളിലും രോഗങ്ങൾക്ക് കാരണമാവും. പരമാവധി പത്ത് പേർക്ക് താമസിക്കാവുന്ന മുറികളിൽ 20 ഉം 30 ഉം പേർ വരെ താമസിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. താമസകേന്ദ്രങ്ങളിൽ നിരന്തരപരിശോധന നടത്താൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എല്ലാ മാസവും പരിശോധന റിപ്പോർട്ട് കലക്ടറേറ്റിൽ യോഗം ചേർന്ന് അവലോകനം ചെയ്യുവാനും തീരുമാനിച്ചു. യോഗത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ, ജില്ല ലേബർ ഓഫിസർ കെ.വി. വിപിൻലാൽ, ഡിസാസ്റ്റർ മാനേജ്മെൻറ് ഡെപ്യൂട്ടി കലക്ടർ ലില്ലി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.