കോഴിക്കോട്: ജില്ലജയിലിലെത്തിയപ്പോൾ ഗാർഡ് ഒാഫ് ഒാണറും മതിയായ സ്വീകരണവും ലഭിക്കാത്ത സംഭവത്തിൽ എ.ഡി.ജി.പി ആർ. ശ്രീലേഖ വിശദീകരണം തേടി. ജില്ല ജയിൽ സൂപ്രണ്ട് ആർ. അനിൽകുമാറിൽ നിന്നാണ് ജയിൽ മേധാവികൂടിയായ ശ്രീലേഖ വിശദീകരണം തേടിയത്. ജൂലൈ 27ന് ജയിലിലെ ലൈബ്രറി കെട്ടിടത്തിെൻറയും കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നടന്ന നേത്രപരിശോധനക്യാമ്പിെൻറയും ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ജയിൽമേധാവിക്ക് ഗാർഡ് ഒാഫ് ഒാണർ നൽകുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റിയത്. ജയിലിലെ ഉദ്ഘാടനത്തിന് രാവിലെ 11ന് എ.ഡി.ജി.പി എത്തുമെന്നാണ് സൂപ്രണ്ടിന് തിരുവനന്തപുരത്തുനിന്ന് ലഭിച്ച ഔദ്യോഗിക വിവരം. എന്നാൽ, ഒന്നരമണിക്കൂർ മുമ്പ് തന്നെ അവർ ജയിലിലെത്തുകയായിരുന്നു. ജയിലധികൃതർ ഉദ്ഘാടനപരിപാടികളുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ രാവിലെ 9.30ന് എത്തിയ എ.ഡി.ജിപിക്ക് ഗാർഡ് ഓഫ് ഓണറും മറ്റുസ്വീകരണവും വേണ്ടരീതിയിൽ നൽകാൻ കഴിഞ്ഞില്ല. ഇതോടെ ക്ഷുഭിതയായ എ.ഡി.ജി.പി മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുടെ ഉദ്ഘാടനം 'ബഹിഷ്കരിച്ച്' മടങ്ങുകയായിരുന്നു. ജയിലധികൃതർ വീഴ്ച പറ്റാനിടയായ സാഹചര്യം വ്യക്തമാക്കിയ ശേഷം ലൈബ്രറി കെട്ടിടത്തിെൻറയും നേത്രപരിശോധനക്യാമ്പിെൻറയും ഉദ്ഘാടനത്തിന് നിർബന്ധിച്ചെങ്കിലും ജയിലിലെ മറ്റ് നടപടിക്രമങ്ങൾ നോക്കിക്കണ്ടത്തിനുശേഷം ഉച്ചക്ക് 12 ഓടെ ശ്രീലേഖ മടങ്ങുകയായിരുന്നു. വീഴ്ചയുണ്ടാവാനിടയായ സാഹചര്യവും ഇനി ഇത്തരത്തിലുള്ള തെറ്റുകൾ സംഭവിക്കില്ലെന്ന ഉറപ്പ് ഉൾപ്പെടെയുള്ള വിശദീകരണം കഴിഞ്ഞ ദിവസം ജയിലധികൃതർ എ.ഡി.ജി.പിക്ക് നൽകിയതായാണ് വിവരം. -സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.