തിരുവള്ളൂർ: വടകര-മാഹി കനാൽ നവീകരണം ആരംഭിച്ചതോടെ കോട്ടപ്പള്ളി കനാൽ റോഡ് വാഹനങ്ങൾക്ക് പേടിസ്വപ്നമാകുന്നു. കനാലിന് വീതി കൂട്ടിയതോടെ റോഡിെൻറ വീതി കുറഞ്ഞതും കളിമണ്ണ് റോഡിൽ ഇട്ടതുമാണ് അപകടഭീഷണി ഉയർത്തുന്നത്. ശ്രദ്ധ തെറ്റിയാൽ കനാലിലേക്കോ തൊട്ടടുത്തുള്ള വയലിലേക്കോ വാഹനം പതിക്കുമെന്ന ആശങ്കയാണ്. ജലപാത ആരംഭിക്കുന്നതിെൻറ ഭാഗമായാണ് വടകര-മാഹി കനാൽ നവീകരിക്കാൻ പദ്ധതി ആവിഷ്കരിച്ചത്. അരനൂറ്റാണ്ട് മുമ്പ് ആരംഭിച്ച കനാൽനിർമാണം എങ്ങുമെത്താതെ കിടക്കുകയായിരുന്നു. ഇതേത്തുടർന്ന് രണ്ടുവർഷം മുമ്പാണ് നവീകരണം തുടങ്ങിയത്. കനാലിന് ആഴവും വീതിയും കൂട്ടാനും പാലങ്ങൾ പണിയാനും നിലവിലുള്ള പാലങ്ങൾ പുതുക്കിപ്പണിയാനുമായിരുന്നു പദ്ധതി. ഇതിെൻറ ഭാഗമായി കനാലിന് ആഴവും വീതിയും കൂട്ടുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്. കനാലിന് ആഴം കൂട്ടിയതോടെ കോട്ടപ്പള്ളി ഭാഗത്ത് റോഡിന് നിലവിലുണ്ടായിരുന്ന വീതി കുറഞ്ഞു. ഒരുകാറിന് കടന്നുപോകാനുള്ള വീതിേയ ഈ ഭാഗത്തുള്ളൂ. എതിരെ മറ്റൊരു വാഹനം വന്നാൽ അരക്കിലോമീറ്ററെങ്കിലും പിന്നോട്ടെടുക്കേണ്ട അവസ്ഥയാണ്. ആദ്യം ചെമ്മണ്ണ് റോഡാണ് ഉണ്ടായിരുന്നത്. കനാലിൽ നിന്നുള്ള പശയുള്ള കളിമണ്ണ് റോഡിലിട്ടതോടെ നാലുചക്ര വാഹനങ്ങൾ പോലും വഴുതാനുള്ള സാധ്യത കൂടി. മഴക്കാലമായതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. കാൽനടയാത്രക്കാർക്കും വഴി നടക്കാൻ പോലും പ്രയാസമാണ്. നൂറോളം കുടുംബങ്ങളുടെ ആശ്രയമാണ് കനാൽ റോഡ്. കനാലിെൻറ തീരത്ത് ചളി നിറഞ്ഞതോടെ യാത്ര ദുരിതത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.