ചെമ്പനോടയിലെ ജോയിയുടെ വീട്​ മന്ത്രി ടി.പി. രാമകൃഷ്​ണൻ സന്ദർശിച്ചു

പേരാമ്പ്ര: ചെമ്പനോട വില്ലേജ് ഒാഫിസിൽ ആത്മഹത്യ ചെയ്ത കാവിൽ പുരയിടം ജോയിയുടെ (തോമസ്) വായ്പാ ബാധ്യതകൾ തീർക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ച 16,48,202 രൂപ ആഗസ്റ്റ് അഞ്ചിന് വൈകുന്നേരം മൂന്നിന് ചക്കിട്ടപ്പാറ സർവിസ് സഹ. ബാങ്കിൽ ചേരുന്ന ചടങ്ങിൽ കുടുംബത്തിന് കൈമാറുമെന്ന് തൊഴിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. നികുതി സ്വീകരിക്കാത്തതിൽ മനംനൊന്ത് കഴിഞ്ഞ ജൂൺ 21ന് രാത്രിയിലാണ് ജോയി ചെമ്പനോട വില്ലേജ് ഒാഫിസ് കെട്ടിടത്തിൽ ജീവനൊടുക്കിയത്. ജോയി ചക്കിട്ടപ്പാറ സർവിസ് സഹ. ബാങ്കിൽനിന്ന് വായ്പയെടുത്ത 13,16,856 രൂപയും മകളുടെ വിദ്യാഭ്യാസത്തിനായി പൂഴിത്തോട് യൂനിയൻ ബാങ്കിൽനിന്നെടുത്ത 3,31,346 രൂപയുമാണ് സർക്കാർ ഏറ്റെടുത്തത്. കടബാധ്യതകൾ തീർത്തശേഷം പണയത്തിലുള്ള ഭൂരേഖകൾ തിരിച്ചെടുത്ത് കുടുംബത്തെ ഏൽപിക്കും. ആത്മഹത്യ ചെയ്ത ജോയിയുടെ വീട്ടിലെത്തിയ മന്ത്രി ടി.പി. രാമകൃഷ്ണൻ കുടുംബത്തെ ആശ്വസിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ രണ്ടു മാസമായി തിരുവനന്തപുരത്തായതിനാലാണ് എത്താൻ പ്രയാസം നേരിട്ടതെന്ന് മന്ത്രി കുടുംബത്തെ അറിയിച്ചു. ജോയിയുടെ ഭാര്യ മോളി, മക്കളായ അഞ്ജു, അമ്പിളി, അമലു, ജോയിയുടെ സഹോദരങ്ങളായ ജോസ്, ജോൺസൺ എന്നിവരുമായി മന്ത്രി സംസാരിച്ചു. മുൻ എം.എൽ.എ എ.കെ. പത്മനാഭൻ, മന്ത്രിയുടെ ഭാര്യ എം.കെ. നളിനി, ചക്കിട്ടപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുനിൽ, സി.പി.എം ഏരിയ കമ്മിറ്റി അംഗം പള്ളുരുത്തി ജോസഫ്, മുതുകാട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഫ്രാൻസിസ് കിഴക്കരക്കാട്ട്, ഷാജു പാലമറ്റം, ബ്രാഞ്ച് സെക്രട്ടറിമാരായ ആർ.ഡി. ജോയി, രതീഷ്, പഞ്ചായത്ത് അംഗം ജയേഷ് മുതുകാട് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.