കക്കോടി: പൂനൂർ പുഴയിൽ കക്കോടി പഞ്ചായത്തോഫിസിന് സമീപം പ്ലാസ്റ്റിക് മാലിന്യം അടിയുന്നു. പുഴയിൽ 'തടയണ' രൂപപ്പെട്ട നിലയിലാണ് മാലിന്യം കിടക്കുന്നത്. ആയിരക്കണക്കിന് ജനങ്ങൾക്ക് കുടിവെള്ളസ്രോതസ്സായി ഉപയോഗിക്കുന്ന ഇതിലാണ് ഉപേക്ഷിച്ച ചെരിപ്പുകളും പ്ലാസ്റ്റിക് കുപ്പികളുമടക്കം മാലിന്യം അടിഞ്ഞുകൂടുന്നത്. പുഴയിലേക്ക് മരങ്ങൾ കടപുഴകി കിടക്കുന്നതിനാൽ ഒലിച്ചെത്തുന്ന ഇവ പല ഭാഗങ്ങളിൽ തങ്ങിനിൽക്കുകയാണ്. കൂടാതെ പുഴ കരകവിഞ്ഞൊഴുകിയതിനാൽ പല പറമ്പുകളിലൂം പ്ലാസ്റ്റിക് വസ്തുക്കൾ അടിഞ്ഞുകൂടിയിട്ടുണ്ട്. കക്കോടി പാലത്തിന് സമീപം കാളിൽ പറമ്പിലേക്ക് മാലിന്യം ഒഴുകിയെത്തിയിട്ടുണ്ട്. സർവേ പ്രകാരം 40 മീറ്ററിൽ പരം വീതിയുള്ള പുഴയിൽ 20 മീറ്ററിൽ താഴെയേ മിക്ക ഭാഗങ്ങളിലും നീരൊഴുക്കുള്ളൂ. മൈനർ ഇറിഗേഷെൻറ ഭൂമി പലഭാഗത്തും കൈയേറിയ നിലയിലാണ്. മുമ്പ് കണ്ടിരുന്ന സർവേ കല്ല് പോലും ഇളക്കി മാറ്റിയിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെയും പുഴയൊഴുക്കുന്ന പഞ്ചായത്തുകളുടെയും മുഖ്യ കുടിവെള്ള സ്രോതസ്സാണ് അധികൃതരുടെ അനാസ്ഥമൂലം മരണത്തിലേക്ക് നീങ്ങുന്നത്. പുഴ കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് തടയാനോ സംരക്ഷിക്കാനോ ജലസേചന വകുപ്പിന് കഴിയുന്നില്ല. പുഴ സംരക്ഷിക്കാൻ വിവിധ ഭാഗങ്ങളിൽ കൂട്ടായ്മകൾ രൂപപ്പെട്ടതോടെ സി.ഡബ്ല്യൂ.ആർ.ഡി.എമ്മിെൻറ നേതൃത്വത്തിൽ വാർഡ് അംഗങ്ങളുടെയും പുഴ സംരക്ഷണ സമിതി പ്രവർത്തകരുടെയും യോഗം ആഗസ്റ്റ് ആദ്യവാരം വിളിച്ചുചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.