താമരശ്ശേരി: അധികാരത്തിലേറി ഒരുവർഷത്തിനുള്ളിൽ നാല് സെക്രട്ടറിമാരെ മാറിമാറി പരീക്ഷിച്ച് പാരാജയപ്പെട്ട ഭരണസമിതി, നിലവിലുള്ള സെക്രട്ടറിക്കെതിരെ തിരിഞ്ഞതോടെ ഭരണസംവിധാനം പൂർണമായി കുത്തഴിഞ്ഞ നിലയിലായി. വിവിധ സർട്ടിഫിക്കറ്റുകൾ, വിവാഹ, മരണ രജിസ്േട്രഷൻ, കെട്ടിട നിർമാണ പെർമിറ്റുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തുന്ന ജനങ്ങൾ കാര്യങ്ങൾ നടക്കാതെ നട്ടംതിരിയുകയാണ്. ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുന്നതും ചിലപ്പോൾ പൊലീസ് ഇടപെടൽ വരെയെത്തുന്നതും പതിവുകാഴ്ചയായിരിക്കുകയാണ്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ഫയലുകളാണ് കൂടുതലായും കെട്ടിക്കിടക്കുന്നത്. ഭവനനിർമാണ വായ്പയെടുത്ത സാധാരണക്കാർ കംപ്ലീഷൻ സർട്ടിഫിക്കറ്റ് യഥാസമയം ലഭിക്കാത്തതുമൂലം വായ്പതുക ലഭിക്കാത്ത അവസ്ഥയിലാണ്. അതേസമയം, അനധികൃത കെട്ടിടങ്ങൾക്കുള്ള പെർമിറ്റുകൾ നിർബാധം കൊടുക്കുന്നുണ്ടെന്നും പരാതിയുണ്ട്. ഫയലുകൾ കെട്ടിക്കിടക്കുന്നതിെൻറ പേരിൽ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭരണസമിതി പ്രമേയം പാസാക്കിയത് പ്രശ്നം കൂടതൽ സങ്കീർണമാക്കിയിരിക്കുകയാണ്. 2016 ഡിസംബർ മധ്യത്തോടെ നിലവിലുള്ള സെക്രട്ടറി ചുമതലയേൽക്കുമ്പോൾ 2015 ജൂൺ മുതലുള്ള ഫയലുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. ഇതിനു മുമ്പുണ്ടായിരുന്ന മൂന്ന് സെക്രട്ടറിമാരും ഭരണ സമിതിയും തമ്മിൽ നിലനിന്നിരുന്ന ശീതസമരമാണ് ഫയലുകൾ കുന്നുകൂടാൻ കാരണമായത്. അനധികൃമായി കെട്ടിടനിർമാണത്തിന് പെർമിറ്റ് നൽകുന്നതിനായുണ്ടാകുന്ന സമ്മർദമാണ് ഭരണസമിതിയും സെക്രട്ടറിമാരും തമ്മിൽ ഇടയാൻ കാരണമാകുന്നതെന്ന് ആക്ഷേപമുണ്ട്. ജീവനക്കാർ രണ്ടുചേരിയായി തിരിഞ്ഞതോടെ പഞ്ചായത്തിെൻറ ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റുകയായിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങൾ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.