വടകര: ആർ.എം.പി.ഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ രണ്ട് സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവർത്തകരായ ചോമ്പാല കിഴക്കെ ചീക്കോളി അനൂപ് (33), ചോമ്പാല പടിഞ്ഞാറെ കാവുന്തോടി സ്വരൂപ് മോഹൻ (22) എന്നിവരെയാണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ വിഷ്ണു വടകര ഗവ. ജില്ല ആശുപത്രിയിൽതന്നെയാണുള്ളത്. ഇതിനിടെ, ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തിെൻറ തുടർച്ചയെന്നോണം ബുധനാഴ്ച രാത്രി ആർ.എം.പി.ഐ ചോറോട് ലോക്കൽ കമ്മിറ്റി ഓഫിസിനു നേരെയും ആക്രമണമുണ്ടായി. ഓഫിസിെൻറ ജനൽചില്ലുകളും മറ്റും തകർത്ത നിലയിലാണുള്ളത്. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന മേഖലയിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രമണമെന്ന് ആർ.എം.പി.ഐ ചോറോട് ലോക്കൽ കമ്മിറ്റി വാർത്തക്കുറിപ്പിൽ ആരോപിച്ചു. കഴിഞ്ഞ ദിവസം ഒഞ്ചിയം ഏരിയയിൽ ടി.പി. ചന്ദ്രശേഖരൻ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതിനു പിറകെയാണ് ഓഫിസിനുനേരെ ആക്രമണമുണ്ടായിരിക്കുന്നത്. ടി.പി ദിനാചരണപരിപാടികൾ അലങ്കോലമാക്കാനുള്ള നീക്കത്തെ ചെറുത്തുതോൽപിക്കാൻ മുഴുവൻ ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് ആർ.എം.പി.ഐ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.