നടുവണ്ണൂർ: കരുവണ്ണൂർ സിവിൽ സപ്ലൈസ് ഡിപ്പോയിൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഭക്ഷ്യധാന്യ ലോഡ് ഇറക്കാൻ അനുവദിച്ചില്ല. ഇതേത്തുടർന്ന് അഞ്ചുലോഡ് ഭക്ഷ്യധാന്യം തിരിച്ചയച്ചു. നാട്ടുകാരായ തൊഴിലാളികളെ ഡിപ്പോയിൽ കയറ്റിറക്ക് തൊഴിലിനെടുക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി ഒമ്പതുദിവസമായി ഇവിടെ സമരത്തിലാണ്. കരുവണ്ണൂരിലെ ചെറുകരയിലാണ് പുതുതായി തുടങ്ങിയ ഭക്ഷ്യധാന്യ സംഭരണ ശാല. തിക്കോടി എഫ്.സി.ഐ ഗോഡൗണിൽനിന്ന് 60ലധികം തൊഴിലാളികളുമായിട്ടാണ് ലോറികൾ ചരക്കിറക്കാൻ വന്നത്. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് വണ്ടികളെത്തിയത്. അഞ്ച് ലോറികളിൽ മൂന്ന് ലോഡ് ഗോതമ്പും രണ്ട് ലോഡ് അരിയുമായിരുന്നു. ഈ സമയത്ത് സംയുക്ത സമരസമിതി പ്രവർത്തകർ ചരക്കിറക്കാൻ അനുവദിച്ചില്ല. താലൂക്ക് ഓഫിസർ തുളസി, സപ്ലൈകോ ഗോഡൗൺ മാനേജർ, പേരാമ്പ്ര എസ്.ഐ സിജിത്ത്, കുറ്റ്യാടി എസ്.ഐ എന്നിവരുമായി സംയുക്ത സമരസമിതി നേതാക്കൾ ചർച്ച നടത്തിയെങ്കിലും പ്രദേശവാസികളായ തൊഴിലാളികളെ ചരക്കിറക്കാൻ അനുവദിക്കില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. കയറ്റിറക്ക് ജോലിയിൽ പകുതി പ്രാദേശിക തൊഴിലാളികളെ അനുവദിക്കണമെന്ന സമരസമിതിയുടെ ആവശ്യവും അംഗീകരിച്ചില്ല. ഉച്ചക്ക് രണ്ടരയോടെ ജില്ല സപ്ലൈ ഓഫിസർ സ്ഥലത്തെത്തി നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. തുടർന്ന് കൊടുവള്ളിക്കടുത്തുള്ള വാവാട് സബ്ഡിവിഷൻ ഡിപ്പോയിലേക്ക് ലോഡുകൾ തിരിച്ചയച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട, വൈസ് പ്രസിഡൻറ് പി. അച്യുതൻ, സമരസമിതി ചെയർമാൻ സജീവൻ നാഗത്ത്, കൺവീനർ സി.കെ. സോമൻ, ട്രഷറർ അഷ്റഫ് പുതിയപ്പുറം, കെ. ചന്തപ്പൻ, എം.വി. ബാലൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.എഫ്.സി.ഐയിൽനിന്നെത്തുന്ന ഭക്ഷ്യധാന്യം ഇറക്കുന്നതിന് പ്രദേശവാസികളായ തൊഴിലാളികളെ പരിഗണിക്കണമെന്ന ഉറച്ച നിലപാടിലാണ് സമരസമിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.