കോഴിക്കോട്: പരാതികളും പരിമിതികളും ഒഴിയാത്ത ബീച്ച് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി പുതിയ കർമപദ്ധതി ഒരുങ്ങുന്നു. 40 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ നടപ്പാക്കാൻ പോവുന്നത്. ഹൃദ്രോഗ ചികിത്സക്കായി ആധുനിക സംവിധാനങ്ങളുൾപ്പെടുന്ന കാത്ത്്ലാബ്, ഒ.പി ടിക്കറ്റ് കൗണ്ടറിലെ അനിയന്ത്രിതമായ തിരക്കൊഴിവാക്കാൻ പുതിയ കൗണ്ടർ, ഇടക്കിടെയുണ്ടാവുന്ന വൈദ്യുതി തടസ്സത്തിന് പരിഹാരമായി 86 ലക്ഷത്തിെൻറ പുതിയ സബ്സ്റ്റേഷൻ, പുതിയ കാൻറീൻ തുടങ്ങിയ വിവിധ പദ്ധതികളാണ് ഒരുങ്ങുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച 25 കോടിയും എ. പ്രദീപ് കുമാർ എം.എൽ.എയുടെ ഫണ്ടായ ഒരു കോടിയും കാത്ത്ലാബിനുവേണ്ടിയുള്ള 11 കോടിയും ബാക്കി പൊതുജന പങ്കാളിത്തവും ഉൾപ്പെടുത്തിയാണ് 40 കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. ഹൃദ്രോഗമോ; മെഡിക്കൽ കോളജിൽ പോവേണ്ട ബീച്ച് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സക്കെത്തുന്നവരെ വിദഗ്ധചികിത്സക്കായി പലപ്പോഴും മെഡിക്കൽ കോളജിലേക്ക് പറഞ്ഞയക്കുകയാണ് പതിവ്. രോഗ നിർണയത്തിനോ ശസ്ത്രക്രിയക്കോ ഇവിടെ സൗകര്യമില്ല. കാത്ത്ലാബോ അനുബന്ധ സൗകര്യങ്ങളോ ഇല്ലാത്തതുതന്നെ കാരണം. എന്നാൽ, സമഗ്ര വികസന പദ്ധതിയിൽ ആദ്യ പരിഗണന കാത്ത്ലാബിനാണ്. ഇതിനായി 11 കോടിയാണ് നീക്കിവെക്കുന്നത്. ആശുപത്രിയിലെ എട്ടാം വാർഡിലായിരിക്കും കാത്ത്ലാബ് ഒരുങ്ങുക. കാർഡിയോളജി ഒ.പി, ആൻജിയോ ഗ്രാം പരിശോധന, ആൻജിയോ പ്ലാസ്റ്റി എന്നിവയും തുടങ്ങും. കാർഡിയോളജി വാർഡ്, തീവ്രപരിചരണ വിഭാഗം, എക്കോ, ശസ്ത്രക്രിയാനന്തര വാർഡ് തുടങ്ങിയവയെല്ലാം അനുബന്ധമായി ഒരുങ്ങുന്നുണ്ട്. കാത്ത്ലാബിനുള്ള ഫണ്ട് അനുവദിച്ചതായി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറങ്ങി. ഇതിെൻറ വിശദ രൂപരേഖ അടുത്തദിവസം സർക്കാറിന് സമർപ്പിക്കും. പുതുമോടിയിൽ ഭക്ഷണ ശാലയും ടിക്കറ്റ് കൗണ്ടറും ആയിരക്കണക്കിന് സാധാരണക്കാരായ രോഗികളെത്തുന്ന ആശുപത്രിയിൽ ഒ.പി ടിക്കറ്റെടുക്കാനുള്ള വരി പലപ്പോഴും ആശുപത്രിക്കു പുറത്ത് റോഡു വരെ എത്താറുണ്ട്. മഴക്കാലത്തും മറ്റും രോഗികൾക്ക് ഇരട്ടി ദുരിതമാണ് കൗണ്ടറിലുണ്ടാവുന്നത്. ഇതിനു പരിഹാരമായാണ് പുതിയ ടിക്കറ്റ് കൗണ്ടർ ഒരുങ്ങുന്നത്. ഇതിനായി എം.എൽ.എ ഫണ്ടിൽ നിന്ന് 37 ലക്ഷം രൂപയാണ് മാറ്റിവെച്ചത്. ആശുപത്രിക്കകത്തെ സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന കാൻറീന് പകരം എം.എൽ.എ ഫണ്ടിലെ 65 ലക്ഷം ചെലവിട്ട് പുതിയ കാൻറീൻ നിർമിക്കും. ആശുപത്രിക്കു പുറത്തായിരിക്കും പുതിയ കാൻറീൻ െകട്ടിടം നിർമിക്കുക. 25 കോടി; രണ്ട് ഘട്ടങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ച 25 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ രണ്ട് ഘട്ടമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. മാലിന്യ സംസ്കരണ പദ്ധതി, ഒ.പി. ഡിജിറ്റലൈസേഷൻ, പുതിയ കട്ടിലും ആവശ്യത്തിന് ഉപകരണങ്ങളും ഉറപ്പാക്കി വാർഡുകൾ നവീകരിക്കൽ, 86 ലക്ഷത്തിെൻറ പുതിയ 500 കെ.വി സബ്സ്റ്റേഷൻ തുടങ്ങിയവയാണ് അടിയന്തര സ്വഭാവം പരിഗണിച്ച് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനും ഇതിനുള്ള പ്രപോസൽ സമർപ്പിക്കുന്നതിനുമായി ആശുപത്രി അധികൃതരും എം.എൽ.എയും വിവിധ വകുപ്പ് മേധാവികളും തമ്മിൽ ചർച്ച നടത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ സമർപ്പിക്കുമെന്ന് സൂപ്രണ്ട് ഡോ. വി. ഉമ്മർ ഫാറൂഖ് പറഞ്ഞു. രണ്ടാംഘട്ടത്തിൽ ആധുനിക സൗകര്യങ്ങളടങ്ങിയ സർജിക്കൽ തിയറ്റർ കോംപ്ലക്സ്, ജീവനക്കാർക്ക് ക്വാർട്ടേഴ്സിനു പകരം പുതിയ ഫ്ലാറ്റ് തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.