കോഴിക്കോട്: വേനൽ കടുത്തതോടെ പകർച്ചവ്യാധികൾ ജില്ലയിൽ വ്യാപകമാവുന്നു. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും എച്ച്1 എൻ1, ഡെങ്കിപ്പനി, വയറിളക്കം, മലേറിയ തുടങ്ങിയ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. മൂന്നര മാസത്തിനിടെ എച്ച്1 എൻ1 ബാധിച്ചത് 12 പേർക്കാണ്. ഈ വർഷം 40 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംശയിക്കുന്ന കേസുകൾ വേറെയുമുണ്ട്. ഡെങ്കിപ്പനി ബാധിച്ച് വടകര മണിയൂർ സ്വദേശി ഫെബ്രുവരിയിൽ മരിച്ചു. അമ്പതോളം പേരാണ് എലിപ്പനിക്കായി വിവിധയിടങ്ങളിൽ ചികിത്സ തേടിയത്. വയറിളക്കമാണ് വ്യാപകമായി പടർന്നുപിടിക്കുന്ന മറ്റൊരു രോഗം. ഏപ്രിൽ 20 വരെ വയറിളക്കം ബാധിച്ചെത്തിയത് പന്ത്രണ്ടായിരത്തോളം പേരാണ്. പനി ബാധിച്ച് എണ്ണായിരത്തി ണ്ണൂറിലേറെ പേരും ചികിത്സ തേടി. വെള്ളിയാഴ്ച മാത്രം പനി ബാധിച്ചത് 502 പേർക്കാണ്. 160 പേർക്ക് വയറിളക്കവും ബാധിച്ചു. ഡെങ്കിപ്പനി സംശയിക്കുന്ന രണ്ട് കേസുകളുമുണ്ട്. മലേറിയ ഇതുവരെ സ്ഥിരീകരിച്ചത് 28 പേർക്കാണ്. ജില്ലയിൽ ഇത്തവണ ഡിഫ്തീരിയ സ്ഥിരീകരിച്ചത് ഒരാളിൽ മാത്രമാണ്. കുന്ദമംഗലം സ്വദേശിയാണ് ഇയാൾ. 35 പേരിൽ സംശയിക്കുന്നുമുണ്ട്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഈ വർഷം ഒരാള്‍ മരിച്ചു. 26 പേരാണ് മാര്‍ച്ച് അവസാനം വരെ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് 30 പേരും ചികിത്സക്കെത്തി. കുടിവെള്ള പ്രശ്നമുള്ള പ്രദേശങ്ങളിലാണ് പകർച്ചവ്യാധികൾ വ്യാപകമാവുന്നത്. രാമനാട്ടുകര, കാക്കൂർ, നന്മണ്ട, എന്നിവിടങ്ങളിലും കോർപറേഷൻ പരിധിയിലും ഡെങ്കിപ്പനിയുൾെപ്പടെ പടരുന്നുണ്ട്. പകർച്ചവ്യാധികൾക്ക് ആവശ്യമായ മരുന്ന് സർക്കാർ ആശുപത്രികളിൽത്തന്നെ ലഭ്യമാണെന്ന് ജില്ല ആരോഗ്യവകുപ്പധികൃതർ വ്യക്തമാക്കി. എച്ച്1 എൻ1ന് ബീച്ച് ആശുപത്രിയിൽ പ്രത്യേക സെൽ രൂപവത്കരിച്ചിട്ടുണ്ട്. അടുത്തദിവസങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജില്ലയിൽ കൊതുകിെൻറ ഉറവിട നശീകരണത്തിനായുള്ള പ്രത്യേക കർമപദ്ധതി നടപ്പാക്കുന്നുണ്ട്. 26, 27 ദിവസങ്ങളിൽ തോട്ടം മേഖലകളിൽ പ്രത്യേക ശുചീകരണപ്രവർത്തനങ്ങളും ബോധവത്കരണവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.