മാ​മ്പ​ഴ സ​മൃ​ദ്ധി​യി​ൽ വ​ട്ടോ​ളി ഗ​വ. യു.​പി സ്​​കൂ​ൾ

കുറ്റ്യാടി: പൂർവവിദ്യാർഥികളും അധ്യാപകരും നട്ടുപിടിപ്പിച്ച 12 മാവുകൾ വട്ടോളി ഗവ. യു.പി സ്കൂളിന് നൽകുന്നത് മാമ്പഴ സമൃദ്ധി. മാവുകളിൽ എട്ടെണ്ണം രുചിയിൽ മുമ്പനായ ഒളോറും ബാക്കി നാട്ടുമാവുകളുമാണ്. കറിവെച്ചും അച്ചാർ ഉണ്ടാക്കിയും ബാക്കിയാവുന്നവ പഴുപ്പിച്ച് തിന്നും ഇവിടത്തെ കുട്ടികൾ ഇവ രുചിക്കുന്നു. പൂർവവിദ്യാർഥികളിൽ ചിലർ സ്കൂളിലെത്തുമ്പോൾ നട്ട മരങ്ങൾ വളർന്ന് കായ്ച്ചുനിൽക്കുന്നതുകണ്ട് അഭിമാനം കെള്ളാറുണ്ടെന്ന് ഹെഡ്മാസ്റ്റർ ടി. രാജൻ പറഞ്ഞു. റിട്ട എ.ഇ.ഒ നട്ട മാവും കൂട്ടത്തിലുണ്ട്. സ്കൂളിന് മധ്യത്തിലായി നിലകൊള്ളുന്ന വലിയ മുളങ്കൂട്ടം മറ്റൊരു കൗതുകമാണ്. പന്ത്രണ്ടു കൊല്ലം മുമ്പ് ഒരു ലോക മുളദിനത്തിൽ നട്ട മുളയാണ് ഇന്ന് വളർന്ന് പന്തലിച്ചത്. ഏതാണ്ട് 25 ഇനം മുളകൾ ഇന്ന് ലഭ്യമാണെന്നും അവ സ്കൂളിൽ നടാൻ ആലോചിക്കുന്നുണ്ടെന്നും ഇക്കൊല്ലം വിരമിക്കുന്ന ഹെഡ്മാസ്റ്റർ രാജൻ പറഞ്ഞു. അദ്ദേഹത്തിെൻറ മൂന്നു മക്കളുടെയും ജന്മദിനത്തിൽ ഇവിടെ മരങ്ങൾ നട്ടിട്ടുണ്ട്. നെല്ലി, ചുവന്ന മന്ദാരം, കണിക്കൊന്ന, ബദാം എന്നിവയും സ്കൂൾ വളപ്പിനെ സുഖശീതളമാക്കുന്നു. മധ്യവേനലവധികളിൽ നടക്കുന്ന സ്കൂൾ അധ്യാപക പരിശീലന പരിപാടി ഉഷ്ണം കാരണം വിരസമാണെങ്കിൽ ഇവിടെ മരങ്ങളുടെ തണലിലായതിനാൽ എല്ലാവരും താൽപര്യപൂർവം പങ്കെടുക്കുന്നു. കുന്നുമ്മൽ ബി.ആർ.സി പ്രവർത്തിക്കുന്നത് ഇവിടെയായതിനാൽ ഉപജില്ലയിലെ എല്ലാ സ്കൂൾ അധ്യാപകരും ഇതിെൻറ ഫലം അനുഭവിക്കുന്നു. ഒരുകാലത്ത് കുട്ടികൾ കുറഞ്ഞ് 120ൽ എത്തിയ സ്കൂളിൽ ഇപ്പോൾ 600ഒാളം വിദ്യാർഥികളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.