ഉ​മ്മ​യു​ടെ ക​ര​ളാ​ണ്​ ഇൗ ഫാ​ത്തി​മ റി​ൻ​ഷ

കോഴിക്കോട്: വേദനയുടെ കണ്ണീർകാലത്തുനിന്ന് ഫാത്തിമ റിൻഷക്ക് പുതിയ ജീവിതത്തിലേക്ക് മടക്കം. ഇനിയീ പെൺകുട്ടിയിൽ തുടിക്കുക ഉമ്മയുടെ പാതി കരളാണ്. കരൾരോഗവുമായി ഏറെക്കാലം നൊമ്പരം പേറിയ റിൻഷയിൽ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി. ഇതിനു തുണയായത് ‘മാധ്യമം’ വാർത്തയും. മിംസ് ആശുപത്രിയിൽ നടന്ന 23 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ചക്കുംകടവ് വലിയകം പറമ്പിൽ അബ്ദുൽ റഷീദിെൻറ മകൾ ഫാത്തിമ റിൻഷയിൽ മാതാവ് തസ്ലീനയുടെ കരൾ മാറ്റിവെച്ചത്. ഒപ്പം മുക്കാൽഭാഗത്തോളം അടഞ്ഞുകിടക്കുകയായിരുന്ന, കരളിലേക്കെത്തുന്ന രക്തക്കുഴലും ഉമ്മയിൽനിന്നെടുത്ത് മാറ്റിവെച്ചിട്ടുണ്ട്. മാനാഞ്ചിറ ബി.ഇ.എം സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന ചക്കുംകടവ് വലിയകം പറമ്പിൽ അബ്ദുൽ റഷീദിെൻറ മകൾ വിൽസൺസ് ഡിസീസ് എന്ന അപൂർവരോഗത്താൽ ദുരിതമനുഭവിക്കുന്ന വാർത്ത കഴിഞ്ഞ ഒക്ടോബർ 30ന് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് മാധ്യമം മുൻകൈ എടുത്ത് ജോയൻറ് അക്കൗണ്ട് തുടങ്ങുകയും ചെയ്തു. ഈ അക്കൗണ്ടിലൂടെയും സഹായത്തിനായി മുന്നിട്ടിറങ്ങിയ സന്നദ്ധ സംഘടനയായ ഹെൽപിങ് ഹാൻഡ്സിലൂടെയുമാണ് റിൻഷക്കായി കാരുണ്യം പ്രവഹിച്ചത്. 20 ലക്ഷത്തിലേറെയാണ് ശസ്ത്രക്രിയക്കും മറ്റുമായി വേണ്ടിയിരുന്നത്. വാർത്ത കണ്ട വായനക്കാർ റിൻഷയുടെ ചികിത്സക്കായി 10 ലക്ഷം സമാഹരിച്ചു. ബാക്കി തുക ഹെൽപിങ് ഹാൻഡ്സ് ചെയർമാൻ തോട്ടത്തിൽ റഷീദും, പ്രസിഡൻറ് കെ.വി. നിയാസും ശെഹരിയാറും മുന്നിട്ടിറങ്ങിയാണ് കണ്ടെത്തിയത്. നീരുവന്ന് വീർത്ത ശരീരവുമായി ജീവിതത്തോട് മല്ലിടുകയായിരുന്ന റിൻഷ ശസ്ത്രക്രിയക്കുശേഷം ഐ.സി.യുവിൽ സുഖംപ്രാപിച്ചുവരുന്നുവെന്ന് നേതൃത്വം നൽകിയ ഡോ. സജീഷ് സഹദേവൻ പറഞ്ഞു. ഉമ്മ തസ്ലീനയും സുഖം പ്രാപിച്ചുവരുകയാണ്. ബുധനാഴ്ച രാവിലെ ആറിന് തുടങ്ങിയ സങ്കീർണ ശസ്ത്രക്രിയ അവസാനിച്ചത് വ്യാ‍ഴാഴ്ച പുലർച്ചെയാണ്. ഡോ. രാജേഷ് നമ്പ്യാർ, ഡോ. രോഹിത് രവീന്ദ്രൻ, ഡോ. സീതലക്ഷ്മി എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.