കോഴിക്കോട്: കാപ്പാട് സ്വദേശിയായ അഞ്ചു വയസ്സുകാരൻ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ നഗരത്തിലെ ബേക്കറികളിൽ ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. അവധി ദിവസമായ ഞായറാഴ്ചയാണ് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തിയത്. പഴകിയ ഭക്ഷ്യവസ്തുക്കൾ, കാലാവധി കഴിഞ്ഞ കോള ഉൽപന്നങ്ങൾ എന്നിവ കണ്ടെടുത്തു നശിപ്പിച്ചു. പത്തോളം കടകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ചില കടകൾക്ക് പിഴ ചുമത്തി. ഭക്ഷ്യ സുരക്ഷ വിഭാഗം അസി. കമീഷണർ ഒ. ശങ്കരൻ ഉണ്ണിയുടെ നേതൃത്വത്തിൽ മൊഫ്യൂസിൽ ബസ്സ്റ്റാൻഡ്, പാളയം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് പരിസരത്തെ മിക്ക കടകളിലും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നത്. കാലാവധി കഴിഞ്ഞതും അടപ്പില്ലാത്തതുമായ ഭക്ഷ്യസാധനങ്ങൾ ഉപയോഗിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. മൊഫ്യൂസിൽ ബസ്സ്റ്റാൻഡിലെ മുകളിൽ പ്രവർത്തിക്കുന്ന ചില കടകളിൽനിന്ന് പഴകിയ ഹലുവയും പിടിച്ചെടുത്തു. തായ്ലൻഡിൽ നിർമിച്ച പ്രത്യേകതരം മധുരവിഭവവും പരിശോധനയിൽ കണ്ടെടുത്തു. ഒരുതരം പുഡിങ് ആയ ഇതിെൻറ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇത് മലാപ്പറമ്പിലെ റിജ്യനൽ അനലറ്റിക്കൽ ലാബിലേക്ക് അയക്കുമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഫുഡ് സേഫ്റ്റി ഒാഫിസർമാരായ കെ. സുജയൻ (കോഴിക്കോട് സൗത്ത്), കെ.പി. രാജീവ് (കോഴിക്കോട് നോർത്ത്), കെ.വി. മിനി (വടകര), ടി. രേഷ്മ (ബാലുശ്ശേരി) എന്നിവരാണ് സംഘത്തിലുള്ളത്. പരിശോധന തിങ്കളാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.