കു​ട്ടി​യു​ടെ മ​ര​ണം: ജി​ല്ല​യി​ൽ കു​കു പു​ഡി​ങ്​ നി​രോ​ധി​ച്ചു

കോഴിക്കോട്: ഭക്ഷ്യവിഷബാധയേറ്റ് കാപ്പാട് സ്വദേശിയായ അഞ്ചുവയസ്സുകാരൻ മരിച്ച സാഹചര്യത്തിൽ ജില്ലയിൽ കുകു പുഡിങ് വിൽപന ഭക്ഷ്യ സുരക്ഷ വകുപ്പ് നിരോധിച്ചു. കടകളിൽ ഇവ വിൽക്കുന്നത് തടയാൻ ഇന്ന് പരിശോധന നടത്തുമെന്നും ഭക്ഷ്യസുരക്ഷ അസി. കമീഷണർ ഒ. ശങ്കരൻ ഉണ്ണി അറിയിച്ചു. പ്രത്യേക ടിന്നുകളിൽ വിതരണം ചെയ്യുന്നതാണ് ഇൗ പുഡിങ്. നഗരസഭ പരിധിയിലെ കടകളിൽ ജെല്ലി മിഠായി വിൽപന നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ ആരോഗ്യ വിഭാഗവും റിപ്പോർട്ട് നൽകി. നഗരത്തിലെ വിവിധ കടകളിൽ പരിശോധന നടത്തിയ ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിൽ നഗരസഭ ഉടൻ നടപടി സ്വീകരിച്ചേക്കും. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിച്ച ഭക്ഷ്യവസ്തുക്കൾ നഗരത്തിൽ വ്യാപകമായി വിൽപന നടത്തുന്നുണ്ട്. ആര് നിർമിച്ചെന്നോ എത്ര കാലാവധിയുണ്ടെന്നോ ഉള്ള വിവരങ്ങളൊന്നും ഇത്തരം മിഠായിയുടെ പാക്കറ്റുകളിൽ ഇല്ല. ഇതെല്ലാം കണക്കിലെടുത്താണ് കുകു പുഡിങ് നിരോധിച്ചത്. ബേക്കറികൾ വാങ്ങിക്കൂട്ടുന്ന മിഠായി പാക്കറ്റുകൾക്ക് ബില്ലുപോലും ഇല്ലെന്നാണ് ആരോഗ്യ- ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വ്യക്തമായത്. റോയൽ ബേക്കറിയിൽനിന്ന് കുട്ടി വാങ്ങിയ മിഠായി എവിടെനിന്ന് ലഭിച്ചുവെന്ന അന്വേഷണത്തിൽ നഗരത്തിലെ മിക്ക കടകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധന വിവരമറിഞ്ഞ് ഇത്തരം മിഠായികൾ പൂഴ്ത്തിയതായും വിവരമുണ്ട്. കുട്ടിയുടെ മരണത്തിന് ഇടയാക്കിയത് പുഡിങ് ആണെന്നാണ് പ്രാഥമിക സൂചന. പുഡിങ് എവിടെനിന്ന് വാങ്ങിയെന്ന വിവരം ഭക്ഷ്യസുരക്ഷ വിഭാഗം ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. ലേബലിൽ കണ്ട ലൈസൻസ് നമ്പർ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിൽ കോയമ്പത്തൂർ ആസ്ഥാനമായി നിർമിച്ചതാകാമെന്ന് കരുതുന്നു. മൊത്ത വ്യാപാരികളിൽനിന്ന് വാങ്ങുന്ന ഇത്തരം മിഠായികൾ ചെറിയ പാക്കറ്റുകളിലാക്കിയാണ് വിൽക്കുന്നത്. ജെല്ലി മിഠായിയുടെയും പുഡിങ്ങിെൻറയും സാമ്പിളുകളാണ് ലാബിൽ പരിശോധനക്ക് അയച്ചത്. ലാബ് റിപ്പോർട്ട് ലഭിക്കുന്ന മുറക്കേ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ െക.വി. ബാബുരാജിെൻറ നേതൃത്വത്തിലാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. പാളയം, മിഠായിതെരുവ്, മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്ദുൽ ഖാദർ, ഹെൽത്ത് സൂപ്രണ്ട് കെ. ഹരിദാസൻ തുടങ്ങിയവർ പെങ്കടുത്തു. ഭക്ഷ്യസുരക്ഷ വിഭാഗത്തിെൻറ പരിശോധനയിൽ കോഴിക്കോട് സർക്കിൾ ഒാഫിസർ കെ. സുജയൻ, കൊടുവള്ളി സർക്കിൾ ഒാഫിസർ സനീന മജീദ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT