വടകര: ടൗണിെൻറ മുഖച്ഛായ മാറ്റുന്ന പദ്ധതിയായ കോട്ടപറമ്പ് നവീകരണത്തിന് എത്രനാൾ കാത്തിരിക്കണമെന്നാണ് കച്ചവടക്കാരും നാട്ടുകാരും ചോദിക്കുന്നത്. വികസനത്തിെൻറ പേരിൽ കോട്ടപറമ്പിൽനിന്ന് പൊളിച്ചുമാറ്റിയ കെട്ടിടത്തിലെ കച്ചവടക്കാർ ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിനു സമീപത്തെ കൊച്ചുകടയിൽ ദുരിതം പേറുകയാണ്. കഴിഞ്ഞ കാലത്തെ എല്ലാ ബജറ്റുകളിലും ഈ പദ്ധതിക്കായി വൻ തുക വകയിരുത്തിയിട്ടുണ്ട്. എന്നാൽ, എന്ന് പ്രാവർത്തികമാക്കുമെന്നു മാത്രം പറയില്ല. ഇത്തവണത്തെ ബജറ്റിൽ പദ്ധതിക്ക് 40 കോടി രൂപയാണ് വകയിരുത്തിയത്. നിലവിൽ കിഫ്ബി പോലുള്ള സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന ലോൺ ഉപയോഗിച്ച് ഈ വർഷം അവസാനംതന്നെ പ്രവൃത്തി ആരംഭിക്കുമെന്നാണ് ഇത്തവണത്തെ ബജറ്റിൽ പറയുന്നത്. പഴയ ബസ്സ്റ്റാൻഡ്, കോട്ടപറമ്പ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവയുടെ ശാസ്ത്രീയ വികസനത്തിലൂടെ നഗരഹൃദയത്തിലെ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിച്ചുകൊണ്ടുള്ള പദ്ധതിയിൽ ആധുനിക പാർക്കിങ് സംവിധാനവും പൊതുവേദികൾക്ക് ആവശ്യമായ ഓപൺ തിയറ്ററുകളും വിഭാവനം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഡി.പി.ആർ തയാറാക്കി അംഗീകാരവും ലഭിച്ചുകഴിഞ്ഞു. നിലവിൽ ഗതാഗതക്കുരുക്കിൽ ടൗൺ വീർപ്പുമുട്ടുകയാണ്. വടകര റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര ദുരിതം നിറഞ്ഞതാണ്. പാർക്കിങ് സൗകര്യമില്ലാത്തത് ടൗണിെൻറ പൊതുവായ വികസനത്തിനുതന്നെ പ്രതികൂലമായി നിൽക്കുകയാണ്. ആഘോഷ അവസരങ്ങളിൽ വടകര മാർക്കറ്റ് റോഡിലും മറ്റും തിരക്ക് വർധിക്കുമ്പോൾ സ്വകാര്യ ബസ് സർവിസ് നടത്താൻ കഴിയാതെ സമരത്തിനൊരുങ്ങുന്ന സാഹചര്യം വടകരയിൽ പതിവാണ്. കഴിഞ്ഞ ഓണം -റമദാൻ സീസണിൽ ബസുടമകൾ സമരം പ്രഖ്യാപിച്ചിരുന്നു. ടൗണിലെ കുരുക്ക് കാരണം സമയം പാലിക്കാൻ കഴിയാതെ ട്രിപ് റദ്ദാവുന്നതും സാധാരണമാണ്. ഒരുകാലത്ത് വടകര ടൗണെന്നാൽ കോട്ടപറമ്പായിരുന്നു. എന്നാൽ, പുതിയ പദ്ധതിക്കായി പഴയ കെട്ടിടം പൊളിച്ചുമാറ്റി വർഷങ്ങൾ വെറുതെ കിടന്നതോടെ പ്രതാപം നഷ്ടമായി. ഇപ്പോൾ കച്ചവട ആവശ്യത്തിനായി കോട്ടപറമ്പിലെത്തുന്നവർ ചുരുങ്ങി. രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങൾ നടത്തുമ്പോൾ മാത്രമാണ് ഇവിടം സജീവമാകുന്നത്. ഈ സാഹചര്യത്തിൽ കോട്ടപറമ്പ് നവീകരണപ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.