കൊടുവള്ളി: കടുത്ത വേനൽചൂടിൽ പുഴയും തോടും കിണറുകളുമടക്കം പ്രധാന ജലസ്രോതസ്സുകളെല്ലാം വറ്റിയതോടെ ഗ്രാമീണ മേഖല വരൾച്ചയിലേക്ക്. കുടിവെള്ള പദ്ധതികളെ ആശ്രയിച്ചാണിപ്പോൾ ആളുകൾ കഴിയുന്നത്. ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് മിക്ക പദ്ധതികളുടെയും ജലവിതരണം നടക്കുന്നത്. ജലനിധികളുടെയും വാട്ടർ അതോറിറ്റിയുടേയും പദ്ധതിക്ക് പുറമെ സ്വകാര്യ സംഘടനകളും കൂട്ടായ്മകളും നടപ്പാക്കിയ പദ്ധതികളും നാട്ടിൻപുറങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കൊടുവള്ളി നഗരസഭയിൽ ജലനിധിയുടെ 51 കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. വാട്ടർ അതോറിറ്റിയുടെ മൂന്നും പദ്ധതികളാണുള്ളത്. പദ്ധതികൾവഴി 50 ശതമാനത്തോളം പേർക്ക് മാത്രമേ വേനൽക്കാലത്ത് വെള്ളം ലഭ്യമാവുന്നുള്ളൂവെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. മൂഴിക്കുന്ന്, ഞെള്ളോറ, കാപ്പുമല എന്നീ വാട്ടർ അതോറിറ്റിയുടെ പദ്ധതികൾ വഴി 1000ത്തോളം കണക്ഷനുകൾ നൽകിയിട്ടുണ്ട്. എന്നാൽ, പൈപ്പ് ലൈനുകളിലെ തകരാർ മൂലം മിക്ക ദിവസങ്ങളിലും വെള്ളം ലഭിക്കുന്നില്ലെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്. പൊട്ടിയ പൈപ്പുകൾ നന്നാക്കാത്തതിനാൽ കുടിവെള്ളം നഷ്ടമാകുന്ന കാഴ്ചയാണ് നിത്യവുമുള്ളത്. ചോലയിൽ ഭാഗത്ത് പുതിയ പദ്ധതിയുടെ പ്രവൃത്തികൾ പൂർത്തിയായി വരുന്നുണ്ട്. പൂനൂർപുഴയിലും ചെറുപുഴയിലും ബ്രിഡ്ജുകൾ സ്ഥാപിച്ച് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി നഗരസഭ ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ് മാധ്യമത്തോട് പറഞ്ഞു. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ മൊത്തം 50 കുടിവെള്ള പദ്ധതികളാണ് നിലവിലുള്ളത്. 46 ജലനിധി പദ്ധതിയും ഗുണഭോക് താക്കൾ നേരിട്ട് നടത്തുന്ന മൂന്ന് പദ്ധതികളുമുണ്ട്. കത്തറമ്മൽ തുവ്വക്കുന്ന് പദ്ധതി വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഇത് പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചതായാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. വൈക്കടവിലെ ഒരു പദ്ധതിയും നിലച്ച നിലയിലാണ്. വാട്ടർ അതോറിറ്റിയുടെ 500 കണക്ഷനുകളുമുണ്ട്. വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈൻ നീട്ടി പുതിയ കണക്ഷനുകൾ നൽകിയാൽ വേനൽക്കാലത്തെ കുടിവെള്ള പ്രശ് നത്തിന് പരിഹാരമാവും. പാലോറമല, വെള്ളിലാട്ട്പൊയിൽ, ആവിലോറ എന്നിവിടങ്ങളിൽ പുതിയ പദ്ധതികളുടെ പ്രവർത്തനം നടന്നുവരുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ പറഞ്ഞു. മടവൂർ ഗ്രാമപഞ്ചായത്തിൽ 36 ജലനിധി കുടിവെള്ള പദ്ധതികളാണ് പ്രവർത്തിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ പദ്ധതിയിൽനിന്നുമായി 500ഒാളം കണക്ഷനുകളും നൽകിയിട്ടുണ്ട്. നാല് കുടിവെള്ള പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്. പുതുക്കുടിയിൽ ഒരു പദ്ധതിയുടെ പ്രവർത്തനം നടന്നുവരുന്നുണ്ട്. ആവശ്യത്തിന് ഫണ്ടില്ലാത്തതിനാൽ പദ്ധതി പ്രവർത്തനം പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈനുകൾ നീട്ടുന്നതിന് നടപടിയുണ്ടായാൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാവുമെന്നാണ് പഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.