ആയഞ്ചേരി: വയലുകളിൽ നെൽകൃഷിക്ക് ഭീഷണിയായി കളകളും പ്ലാസ്റ്റിക് മാലിന്യവും വ്യാപിക്കുന്നത് കർഷകർക്ക് തിരിച്ചടിയായി. ആയഞ്ചേരി പഞ്ചായത്തിലെ കണ്ണങ്കോട്ടുതാഴ വയലിലാണ് പ്രത്യേക ഇനത്തിലുള്ള പുല്ല് ധാരാളമായി ഉള്ളത്. ഓരോ വർഷവും ഇത് കൂടുതൽ പ്രദേശത്തേക്ക് വ്യാപിക്കുന്നു. നെൽച്ചെടിയെക്കാൾ ഉയരത്തിലാണ് കളകൾ വളരുന്നത്. കൃഷി ഓഫിസ് അധികൃതരെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും വന്നുനോക്കിയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ മൂന്ന് വർഷമായി ഇതാണ് അവസ്ഥ. സാമ്പത്തിക ബാധ്യത കാരണം കർഷകരിൽ പലരും കൃഷിയിൽനിന്ന് വിട്ടുനിൽക്കുകയാണ്. കുറച്ച് കൃഷിക്കാർ മാത്രമേ ഇപ്പോൾ കൃഷിയിറക്കുന്നുള്ളൂ. അപ്പോഴാണ് പുതിയ കള ഭീഷണിയാകുന്നത്. പാണ്ടിഭാഗത്ത് പായലും കുളവാഴയുമാണ് ഭീഷണി. ഓരോ വർഷവും ഇവ നീക്കം ചെയ്യാൻ വൻ സാമ്പത്തിക ബാധ്യതയാണ് കർഷകർക്ക് ഉണ്ടാകുന്നത്. ഇവ വിളവ് കുറക്കാൻ ഇടയാക്കുന്നുണ്ട്. ഇതും വരുമാനത്തിൽ ഇടിവിന് കാരണമാകുന്നു. ആയഞ്ചേരി ടൗണിൽനിന്ന് തോട്ടിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വയലുകൾക്ക് മറ്റൊരു ഭീഷണി. ഓരോ വർഷം കൂടുംതോറും മാലിന്യം വർധിക്കുകയാണ്. കടകളിൽനിന്നും മറ്റും അഴുക്കുചാലിലൂടെ എത്തുന്ന മാലിന്യങ്ങളാണ് മഴക്കാലത്ത് തോട് വഴി വയലുകളിൽ അടിഞ്ഞു കൂടുന്നത്. മാലിന്യം സംസ്കരിക്കാൻ പഞ്ചായത്തിന് പദ്ധതിയില്ലാത്തതിനാൽ ടൗണുകളിലും പരിസരപ്രദേശങ്ങളിലും വ്യാപിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.