കോഴിക്കോട്: ജില്ലയിൽ കഴിയുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി തൊഴിലാളി ക്യാമ്പുകളിൽ സമഗ്ര സർവേ നടത്താൻ കലക്ടറേറ്റിൽ ചേർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതനിലവാരം അത്യധികം മോശമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത്. ഒരു മുറിയിൽതന്നെ പത്തും അതിലധികവും പേർ അന്തിയുറങ്ങുന്ന സാഹചര്യമുണ്ട്. കക്കൂസ് സൗകര്യങ്ങൾ പര്യാപ്തമല്ല. നഗരപ്രദേശങ്ങളിലെ ഹോട്ടലുകളിൽ ജോലി ചെയ്യുന്നവർ ഒരു വീട്ടിൽ 30 പേർ വരെ താമസിക്കുന്നു. കോർപറേഷൻ പരിധിയിലെ 250 ഓളം ഹോട്ടലുകൾ ഈ വിധത്തിൽ നിലവാരം കുറഞ്ഞ സാഹചര്യങ്ങളിലാണ് തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നതെന്ന് യോഗത്തിൽ വ്യക്തമാക്കി. മോശം അന്തരീക്ഷത്തിൽ ജീവിക്കാൻ നിർബന്ധിതരാവുന്നതിനാൽ ഇവർക്കിടയിൽ മഴക്കാലമാരംഭത്തോടെ പകർച്ചവ്യാധികൾ പടരാൻ സാധ്യതയുള്ളതായും ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടി. തൊഴിലാളി ക്യാമ്പുകൾക്ക് അവശ്യമായ നിലവാരം നിശ്ചയിച്ച് നടപ്പാക്കാൻ യോഗം തീരുമാനിച്ചു. ഇതിലേക്കായി ഏപ്രിൽ ഏഴിന് മൂന്നിന് ആരോഗ്യം, തൊഴിൽ, സാമൂഹ്യനീതി, പഞ്ചായത്ത് വകുപ്പുകളുടെ സംയുക്തയോഗം വിളിച്ചുചേർക്കും. ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷതവഹിച്ചു. യോഗത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ.എസ്.എൻ. രവികുമാർ, ആരോഗ്യകേരളം പ്രോജക്ട് മാനേജർ ഡോ.ഇ. ബിജോയ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.