കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ പൂട്ടിച്ച ചായക്കടകള്‍ വീണ്ടും തുറന്നു

കോഴിക്കോട്: വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്തതിന് ഒരാഴ്ച മുമ്പ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ച കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ അനധികൃത ചായക്കടകള്‍ വീണ്ടും തുറന്നു. കടകള്‍ക്ക് അനുമതി നല്‍കിയിട്ടില്ളെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്, കെ.ടി.ഡി.എഫ്.സി അധികൃതര്‍ അറിയിച്ചു. കടയില്‍നിന്ന് കഴിച്ച ഉള്ളിവടയില്‍ മാലിന്യം കണ്ടത്തെിയെന്ന യാത്രക്കാരിയായ സ്ത്രീയുടെ പരാതിയില്‍ സെപ്റ്റംബര്‍ 22നാണ് കട പൂട്ടാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നത്. ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്ത്രീ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍െറ ഓഫിസില്‍ നേരിട്ടത്തെി പരാതി നല്‍കുകയായിരുന്നു. കട പരിശോധിച്ച ഉദ്യോഗസ്ഥര്‍ പരാതി കഴമ്പുള്ളതാണെന്ന് കണ്ടാണ് പൂട്ടാന്‍ നോട്ടീസ് നല്‍കിയിരുന്നത്. കട പൂട്ടിയതോടെ ജീവനക്കാര്‍ക്ക് വെള്ളംപോലും കിട്ടാന്‍ പ്രയാസപ്പെടുന്നതായി യൂനിയന്‍ പ്രതിനിധികള്‍ ഉദ്യോഗസ്ഥരെ കണ്ട് പരാതിപ്പെടുകയായിരുന്നു. ചായ കുടിക്കാന്‍ റോഡ് മുറിച്ചുകടന്ന് കടകളില്‍ പോവേണ്ട അവസ്ഥയാണ്. സര്‍വിസുകള്‍ക്കിടയില്‍ ഇതിന് സമയം ഉണ്ടാവില്ല. സ്ഥാപനം വൃത്തിയുള്ള രീതിയില്‍ പ്രവര്‍ത്തിപ്പിക്കുമെന്നും അനുമതിക്കായി കെ.ടി.ഡി.എഫ്.സിയെ സമീപിക്കുമെന്നുമാണ് ഇവര്‍ അറിയിച്ചത്. പുതിയ ടെന്‍ഡര്‍ നടപ്പാവുന്നതോടെ കട ഒഴിയുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, ഇവരുടെ ആവശ്യം കേട്ടതല്ലാതെ കട വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ളെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമീഷണര്‍ പി.കെ. ഏലിയാമ്മ പറഞ്ഞു. അനുമതിയില്ലാതെ വീണ്ടും കട തുറന്നത് പരിശോധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രജിസ്ട്രേഷന് അപേക്ഷ ലഭിച്ചിട്ടില്ളെന്നും കെട്ടിടം മുഴുവനായി ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞതിനാല്‍ അനുമതി നല്‍കാനാവില്ളെന്നും കെ.ടി.ഡി.എഫ്.സി പ്രോജക്ട് മാനേജര്‍ എ. ഷെറിത്ത് പറഞ്ഞു. കച്ചവടത്തില്‍നിന്ന് ഒരു രൂപ പോലും കോര്‍പറേഷനും കെ.ടി.ഡി.എഫ്.സിക്കും ലഭിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.