നാലു കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: നാലു കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി കോഴിക്കോട്ട് പിടിയില്‍. തിരുവനന്തപുരം കഠിനംകുളം സ്വദേശി മൈവള്ളി വീട്ടില്‍ ശ്രീകുമാര്‍ (45) ആണ് അറസ്റ്റിലായത്. കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പാര്‍ട്ടിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്്. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് തമിഴ്നാട്ടില്‍നിന്നും വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് നല്‍കുന്ന ശൃംഖലയിലെ പ്രധാനിയാണ് ശ്രീകുമാര്‍. ആന്ധ്രയില്‍നിന്നും കഞ്ചാവ് കോയമ്പത്തൂരില്‍ എത്തിച്ച് പാലക്കാട് രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ച ശേഷം ചില്ലറ വ്യാപാരത്തിനായി കോഴിക്കോട് എത്തുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഫറോക്ക്, കോട്ടൂളി ഭാഗത്തേക്ക് വില്‍പന നടത്താന്‍ കൊണ്ടുവന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. കഞ്ചാവ് കടത്തുന്നതിന് പ്രതിക്ക് പാലക്കാടുനിന്നും ചിലരുടെ സഹായം ഉള്ളതായി പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലയിലെ നിരവധി കച്ചടക്കാരും പ്രതിയില്‍നിന്ന് കഞ്ചാവ് വാങ്ങാറുണ്ടെന്നാണ് നിഗമനം. സ്പീക്കര്‍ ബോക്സുകളില്‍ അമര്‍ത്തി സെല്ളോ ടേപ് ഒട്ടിച്ച് സുഗന്ധ ദ്രവ്യങ്ങള്‍ പൂശി ബാഗിനുള്ളിലാക്കി സ്പീക്കര്‍ കച്ചവടക്കാരനാണെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തുന്നത്. ആറുമാസം മുമ്പും കഞ്ചാവ് കടത്തിന് പിടിക്കപ്പെട്ട് ഇയാള്‍ ജയിലില്‍ കിടന്നിട്ടുണ്ട്. 7000 രൂപക്ക് കോയമ്പത്തൂരില്‍നിന്ന് വാങ്ങുന്ന കഞ്ചാവ് 20,000 രൂപക്ക് ചില്ലറ വില്‍പനക്കാര്‍ക്ക് വിതരണം ചെയ്യും. കഞ്ചാവ് കൈമാറിയ ആന്ധ്ര സ്വദേശി ബാലുവിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. ഹരികൃഷ്ണപിള്ള, എക്സൈസ് ഇന്‍സ്പെക്ടര്‍ പി. മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ റെയ്ഡില്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി. രാമകൃഷ്ണന്‍, യു.പി. മനോജ് കുമാര്‍, കെ. ഗംഗാധരന്‍, ധനീഷ് കുമാര്‍, ടി.പി. ബിജുമോന്‍, എം.ഒ. സജീവന്‍, ടി. മനോജ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.