കൃഷി ഓഫിസറുടെ കത്തില്ലാതെ കീടനാശിനി വിറ്റാല്‍ കടപൂട്ടും

കോഴിക്കോട്: കൃഷി ഓഫിസറുടെ ശിപാര്‍ശക്കത്തില്ലാതെ നിയന്ത്രിത കീടിനാശിനി വിറ്റാല്‍ വളം ഡിപ്പോകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ കൃഷിവകുപ്പ് ഒരുങ്ങുന്നു. നിരോധിക്കപ്പെട്ടതോ ഉപയോഗം നിയന്ത്രിക്കപ്പെട്ടതോ ആയ കീടനാശിനികള്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നത് തടയുന്നതിന്‍െറ ഭാഗമായാണിത്. മലയോര ജില്ലകളിലെ തോട്ടങ്ങളിലും മറ്റും കീടനാശിനി വിതരണക്കാര്‍ മാരക കീടനാശിനികള്‍ നേരിട്ട് എത്തിച്ചുകൊടുക്കുന്നതായും അത്തരം കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. നിയന്ത്രിത ഉപയോഗത്തിന് മാത്രമായി നിഷ്കര്‍ഷിച്ചിട്ടുള്ള കീടനാശിനികള്‍ ലഭിക്കാനാണ് കൃഷി ഓഫിസറുടെ കത്ത് വേണ്ടത്. ഇത് ലംഘിച്ചാല്‍ ഡിപ്പോകളുടെ ലൈസന്‍സ് റദ്ദുചെയ്യുന്നതിന് കൃഷി ഡയറക്ടര്‍ ഇന്‍സെക്ടിസൈഡ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിരോധിക്കപ്പെട്ട കീടനാശിനികളോ ലൈസന്‍സ് നല്‍കിയിട്ടില്ലാത്ത കീടനാശിനികളോ സൂക്ഷിക്കുന്നതിനെതിരെയും ഡിപ്പോകള്‍ക്കെതിരെയും കര്‍ഷകര്‍ക്കെതിരെയും ശിക്ഷാനടപടി സ്വീകരിക്കും. നിരോധിക്കപ്പെട്ട കീടനാശിനികളോ ലൈസന്‍സ് നല്‍കിയിട്ടില്ലാത്ത കീടനാശിനികളോ സൂക്ഷിക്കുന്നതും കുറ്റകരമാണ്. കേന്ദ്ര ഇന്‍സെക്ടിസൈഡ്സ് നിയമപ്രകാരം രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണിത്. കീടനാശിനി നിര്‍മാതാക്കളും വിതരണക്കാരും കര്‍ഷകര്‍ക്കോ കര്‍ഷക സമിതികള്‍ക്കോ നേരിട്ട് കീടനാശിനികള്‍ വിതരണം ചെയ്യാന്‍ പാടില്ളെന്നും കൃഷി ഡയറക്ടര്‍ അറിയിച്ചു. കീടനാശിനി കമ്പനികളും വിതരണക്കാരും കൃഷി വകുപ്പിന്‍െറ അംഗീകാരമില്ലാതെ കൃഷിയിടങ്ങളില്‍ നേരിട്ട് വിളപരീക്ഷണങ്ങളും ഡമോണ്‍സ്ട്രേഷനുകളും നടത്തുന്നതും അനുവദനീയമല്ല. അയല്‍സംസ്ഥാനങ്ങളില്‍നിന്നും അതിര്‍ത്തി ജില്ലകളിലേക്ക് കീടനാശിനികളുടെ വരവ് നിരീക്ഷിക്കാന്‍ ജില്ലാ തലത്തില്‍ രൂപവത്കരിച്ചിട്ടുളള വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും കൃഷി ഡയറക്ടര്‍ അറിയിച്ചു. ഇതിനു പുറമെ സംസ്ഥാനതല വിജിലന്‍സ് സ്ക്വാഡും ജില്ലകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും. മാരക കീടനാശിനികളുടെ വരവ് തടയുന്നതിന് ജില്ലാ ഭരണകൂടത്തിന്‍െറ സഹായത്തോടെ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാര്‍ ശക്തമായി നടപടി കൈക്കൊള്ളും. കീടനാശിനികളുടെ ഉപയോഗം ക്രമമായി കുറക്കാനും കീടനാശിനികള്‍ക്ക് ബദലായുള്ള നൂതന കൃഷിമുറകളെ സംബന്ധിച്ച് കര്‍ഷകരെ ബോധവത്കരിക്കാനും കൃഷി വകുപ്പ് പദ്ധതി ആരംഭിച്ചു. കീടനാശിനിക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഒക്ടോബര്‍ ഏഴു വരെ കൃഷിവകുപ്പ് സംസ്ഥാനതല കാമ്പയിന്‍ നടത്തിവരുന്നു. ഇതിന്‍െറ ഭാഗമായി എല്ലാ കീടനാശിനി വിതരണ, വിപണന കേന്ദ്രങ്ങളിലും കീടനാശിനി പരിശോധനാ ഇന്‍സ്പെക്ടര്‍മാര്‍ കര്‍ശന പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. കീടനാശിനിയില്ലാതെ ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൃഷിവകുപ്പ് കാമ്പയിന്‍ സംഘടിപ്പിക്കാനും കൃഷി വകുപ്പ് പദ്ധതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.