അദിതി കേസ്: പിതാവിനെയും രണ്ടാനമ്മയെയും വിസ്തരിച്ചു

കോഴിക്കോട്: ഏഴു വയസ്സുകാരി അദിതിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ച് ദാരുണമായി കൊന്ന കേസില്‍ പ്രതികളായ പിതാവിനെയും രണ്ടാനമ്മയെയും കോടതി വിസ്തരിച്ചു. കോഴിക്കോട് ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ. ശങ്കരന്‍നായര്‍ മുമ്പാകെ നടന്ന വിസ്താരത്തില്‍ പ്രതികളിരുവരും കുറ്റം നിഷേധിച്ചു. ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഭാര്യ ദേവിക എന്ന റംലാബി എന്നിവരെയാണ് വിസ്തരിച്ചത്. പ്രതികള്‍ അദിതിയെയും സഹോദരന്‍ അരുണ്‍ എസ്. നമ്പൂതിരിയെയും ക്രൂരമായി പീഡിപ്പിച്ചിരുന്നതായി സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പ്രതികളെ വിസ്തരിച്ചത്. എന്നാല്‍, അദിതിക്ക് അപസ്മാരം വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നുവെന്നും അതിനിടയില്‍ കുട്ടി മരിക്കുകയായിരുന്നുവെന്നുമാണ് പ്രതികള്‍ മൊഴിനല്‍കിയത്. പൊലീസ് തങ്ങള്‍ക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും പ്രതികള്‍ പറഞ്ഞു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള സാക്ഷിവിസ്താരം 29ന് നടക്കും. 2013 ഏപ്രില്‍ 29നാണ് ബിലാത്തിക്കുളം ബി.ഇ.എം യു.പി സ്കൂള്‍ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനി അദിതി കൊല്ലപ്പെട്ടത്. പട്ടിണി കിടന്ന് അവശനിലയിലായ പെണ്‍കുട്ടിയുടെ അരക്കു താഴെ പൊള്ളിയ നിലയില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടി മരിച്ചതിനാല്‍ പ്രതികള്‍ മൃതദേഹം കൊണ്ടുപോകുന്നത് അധികൃതര്‍ തടഞ്ഞു. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സുബ്രഹ്മണ്യന്‍െറ ആദ്യഭാര്യ ചാത്തമംഗലം വെള്ളന്നൂര്‍ എടക്കാട്ട് ഇല്ലത്ത് ശ്രീജയുടെ മകളാണ് അദിതി. ശ്രീജ തിരുവമ്പാടിയില്‍ വാഹനാപകടത്തില്‍ മരിച്ചതിനുശേഷമാണ് രണ്ടാം വിവാഹം. നടക്കാവ് പൊലീസെടുത്ത കേസില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ അരുണാണ് ഒന്നാം സാക്ഷി. അരുണും അദിതിയും പിതാവിനും രണ്ടാനമ്മക്കുമൊപ്പമാണ് താമസിച്ചിരുന്നത്. 45 സാക്ഷികളാണുള്ളത്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഷിബു ജോര്‍ജ് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.