മെഡിക്കല്‍ കോളജ്: ത്രിതല കാന്‍സര്‍ സെന്‍റര്‍ നിര്‍മാണം പുരോഗമിക്കുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ വര്‍ഷം നിര്‍മാണമാരംഭിച്ച ത്രിതല കാന്‍സര്‍ സെന്‍റര്‍ കെട്ടിടത്തിന്‍െറ പണി അതിവേഗം പുരോഗമിക്കുന്നു. ചെസ്റ്റ് ആശുപത്രിക്കും ഇംഹാന്‍സിനും സമീപം മൂന്നു നില കെട്ടിടത്തിലാണ് സെന്‍റര്‍ ഒരുങ്ങുന്നത്. 2015 ഒക്ടോബര്‍ ഒന്നിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് കാന്‍സര്‍ സെന്‍ററിന് തറക്കല്ലിട്ടത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ 44.05 കോടി രൂപയുടെ പദ്ധതിയാണ് ഇത്. 25 ശതമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട്. നിലവില്‍ ഫണ്ട് പൂര്‍ണമായും ലഭിക്കുകയും കെട്ടിടത്തിന്‍െറ നിര്‍മാണപ്രവൃത്തി 60 ശതമാനം പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്. കെട്ടിടം പണി 2017 ഫെബ്രുവരിയോടെ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18 കോടിയുടെ ഹൈ എനര്‍ജി ലീനിയര്‍ ആക്സിലറേറ്റര്‍, ഡേ കെയര്‍ കീമോതെറപ്പി ഉപകരണങ്ങള്‍, കാന്‍സര്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍, രണ്ടു കോടിയുടെ മോഡുലാര്‍ ശസ്ത്രക്രിയ തിയറ്റര്‍, ഫുള്ളി ഓട്ടോമേറ്റഡ് ബയോകെമിക്കല്‍ അനലൈസര്‍, ആറു കോടിയുടെ സി.ടി സ്കാന്‍ വെര്‍ച്ചല്‍ സിമുലേറ്റര്‍, നാലു കോടിയുടെ സ്പെക്ട് ഗാമ കാമറ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളാണ് സെന്‍ററില്‍ സ്ഥാപിക്കുന്നത്. സ്പെക്ട് ഗാമ കാമറ മെഡിക്കല്‍ കോളജിലെ സാവിത്രി സാബു വാര്‍ഡിലാണ് സ്ഥാപിക്കുന്നത്. പത്തുദിവസത്തിനുള്ളില്‍ കാമറ സ്ഥാപിക്കും, തുടര്‍ന്ന് മുംബൈ ആസ്ഥാനമായുള്ള ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്‍െറ പ്രതിനിധികള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനാനുമതി നല്‍കിയാലേ ഇത് കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കാന്‍ കഴിയൂ. കാന്‍സര്‍ സെന്‍റര്‍ നിര്‍മാണം തുടങ്ങുന്നതിനുമുമ്പ് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചില സാങ്കേതിക കുരുക്കുകള്‍ ഉണ്ടായിരുന്നെങ്കിലും അധികൃതര്‍ ആവശ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തില്‍ തുക പിന്നീട് ലഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എച്ച്.എല്‍.എല്ലിനാണ് നിര്‍മാണച്ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.