എസ്.എസ്.എയുടെ സമഗ്ര വിദ്യാര്‍ഥി വിവരശേഖരണം വെള്ളിയാഴ്ച മുതല്‍

കോഴിക്കോട്: മുഴുവന്‍ കുട്ടികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിലത്തെുന്നതിന്‍െറ ഭാഗമായി എസ്.എസ്.എ നടത്തുന്ന സമഗ്ര വിദ്യാര്‍ഥി വിവരശേഖരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 30ന് നടത്തും. നടക്കാവ് ഗവ.ഗേള്‍സ് സ്കൂളില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. മാനവവിഭവശേഷി മന്ത്രാലയത്തിനുകീഴില്‍ സ്റ്റുഡന്‍റ്സ് ഡാറ്റ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്്റ്റം (എസ്.ഡി.എം.ഐ.എസ്) എന്ന സംവിധാനം ഉപയോഗിച്ച് രാജ്യത്തെ ഒന്നുമുതല്‍ 12 വരെ ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ വിവരശേഖരവും പഠനത്തുടര്‍ച്ച ഉറപ്പുവരുത്തലുമാണ് നടത്തുന്നത്. ജില്ലാതലത്തില്‍ ഇതിനായി യൂനിഫൈഡ് ഡിസ്്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്്റ്റം ഫോര്‍ എജുക്കേഷന്‍ (യു.ഡി.ഐ.എസ്.ഇ) എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. ഈ രണ്ട് സംവിധാനങ്ങളും ഉപയോഗിച്ച് സ്കൂള്‍തല വിവരശേഖരണം മുമ്പും നടത്തിയിട്ടുണ്ടെങ്കിലും വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ഇത്രയും സമഗ്രമായി ശേഖരിക്കുന്നത് ആദ്യമായാണ്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, അനംഗീകൃത സ്കൂളുകള്‍, മദ്രസകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കും. സ്കൂള്‍തലത്തില്‍ സ്കൂളുകളില്‍നിന്ന് ക്ളാസ് ടീച്ചര്‍, പ്രധാനാധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് 35 വിഭാഗങ്ങളിലായി കുട്ടിയുടെ പാഠ്യ-പാഠ്യേതര-വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും ബി.ആര്‍.സി തലത്തില്‍ കംപ്യൂട്ടര്‍ സഹായത്തോടെ ഉള്‍പ്പെടുത്തുകയും, ജില്ലാതലത്തില്‍ ക്രോഡീകരിക്കുകയും ചെയ്യും. ബി.ആര്‍.സികളില്‍ കമ്പ്യൂട്ടറിലേക്ക് വിവരം ചേര്‍ക്കുന്നത് എം.ഐ.എസ് ഉദ്യോഗസ്ഥരും ഡാറ്റാ എന്‍ട്രി ബ്ളോക് പ്രോഗ്രാം ഓഫിസര്‍മാരുമായിരിക്കും ചെയ്യുക. തുടര്‍ന്ന് സംസ്ഥാനതലത്തിലേക്ക് വിവര കൈമാറ്റം നടത്തും. മുമ്പ് നല്‍കിയ വിവരം തിരുത്താനും കൂട്ടിച്ചേര്‍ക്കാനുമുള്ള സംവിധാനവുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വിവരശേഖരണം നടത്തുന്നത്. സംസ്ഥാനതലത്തില്‍ ഒന്നുമുതല്‍ എട്ടാം ക്ളാസുവരെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4012416 കുട്ടികളാണുള്ളത്. ഇതില്‍ 2988183 പേര്‍ക്കാണ് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളത്. ഈ കുട്ടികളെയും പുതുതായി പ്രവേശം തേടിയ കുട്ടികളെയും വിവരശേഖരണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് എസ്.എസ്.എ അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.