കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കായി കേന്ദ്ര സാമൂഹികനീതി മന്ത്രാലയം കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച സ്വാവലംബന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്ര സാമൂഹികനീതി മന്ത്രി താവര്‍ചന്ദ് ഗെലോട്ട് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരെ തിരിച്ചറിയുന്നതിന് രാജ്യത്തെങ്ങും പ്രാബല്യമുള്ള യൂനിവേഴ്സല്‍ ഡിസെബിലിറ്റി ഐ.ഡി കാര്‍ഡ് (യു.ഡി.ഐ.ഡി) ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കോമ്പസിറ്റ് റീജനല്‍ സെന്‍ററിന്‍െറ (സി.ആര്‍.സി) കെട്ടിടനിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ ആറു കോടി രൂപ ഉടന്‍ നല്‍കുമെന്നും പൂര്‍ത്തിയാവുന്നതോടെ ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിനായി സി.ആര്‍.സിക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്സസിബ്ള്‍ ഇന്ത്യ കാമ്പയിനിന്‍െറ ഭാഗമായി കേരളത്തിലെ നഗരങ്ങളിലെ റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡ് തുടങ്ങിയവ ഭിന്നശേഷി സൗഹൃദമാക്കുന്ന പദ്ധതി ഉടന്‍ ആരംഭിക്കും. സ്വാവലംബന്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ടോക്കണ്‍, അഡിപ് സ്കീം പ്രകാരം ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ചികിത്സാസാമഗ്രികള്‍, പഠനോപകരണങ്ങള്‍ എന്നിവയുടെ വിതരണോദ്ഘാടനവും സി.ആര്‍.സി പുതുതായി തുടങ്ങുന്ന സ്പെഷല്‍ എജുക്കേഷന്‍ കോഴ്സുകളുടെ ഉദ്ഘാടനവും മന്ത്രി ഗെലോട്ട് നിര്‍വഹിച്ചു. സി.ആര്‍.സി ലോഗോ ഡോ. എം.കെ. മുനീര്‍ എം.എല്‍.എക്ക് നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു. മെഡിക്കല്‍ കോളജിനടുത്ത് സി.ആര്‍.സിയില്‍ നടന്ന ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, വാര്‍ഡ് കൗണ്‍സിലര്‍ എം.എം. പത്മാവതി, ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.ഐ.ഇ.പി.എം.ഡി ഡയറക്ടര്‍ ഹിമാന്‍ഷു ദാസ് സ്വാഗതവും സി.ആര്‍.സി ഡയറക്ടര്‍ റോഷന്‍ ബജ്ലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.