മാവൂര്‍: തെങ്ങിലക്കടവ്-കല്‍പ്പള്ളി-പള്ളിയോള്‍ നീര്‍ത്തടത്തിന്‍െറ ഭാഗമായ പള്ളിയോള്‍-അരയങ്കോട് പാടശേഖരം കൃഷിയോഗ്യമാക്കാന്‍ പദ്ധതി നടപ്പാക്കുന്നു. ഇതിന്‍െറ ഭാഗമായി അഡ്വ. പി.ടി.എ. റഹീം എം.എല്‍.എയടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. പദ്ധതി സംബന്ധിച്ച് കര്‍ഷകര്‍ക്കും പരിസരവാസികള്‍ക്കുമുള്ള ആശങ്ക അകറ്റാന്‍ ചര്‍ച്ച നടത്തി. ഊര്‍ക്കടവില്‍ കവണക്കല്ല് റഗുലേറ്ററിന്‍െറ ഷട്ടറിടുമ്പോള്‍ വെള്ളക്കെട്ടാകുന്ന 200 ഹെക്ടറോളം പാടശേഖരം കൃഷിയോഗ്യമാക്കുന്നതിന് നബാര്‍ഡിന് ആറ് കോടിയുടെ പദ്ധതിരേഖ സമര്‍പ്പിച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്‍െറ ഭാഗമായാണ് സന്ദര്‍ശനം. നേരത്തേ മാവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് സി.ഡബ്ള്യൂ.ആര്‍.ഡി.എമ്മിന്‍െറ നേതൃത്വത്തില്‍ തെങ്ങിലക്കടവ്-പള്ളിയോള്‍ നീര്‍ത്തടം സംബന്ധിച്ച് പഠനം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്‍െറ ചുവടുപിടിച്ചാണ് പുതിയ പദ്ധതി. ഇതുസംബന്ധിച്ച് ആഗസ്റ്റ് 10ന് ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. പദ്ധതിയനുസരിച്ച് പാടശേഖരത്തിലെ ജലവിതാനം ക്രമീകരിക്കുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്യും. ഈസമയത്ത് സമീപത്തെ കിണറുകളിലും മറ്റും ജലവിതാനം താഴാതിരിക്കാന്‍ പാടശേഖരത്തിനുചുറ്റും കരഭാഗത്തുകൂടി കനാല്‍ നിര്‍മിക്കുകയും ജലം ചാക്രികമായി പ്രവഹിക്കുന്ന സംവിധാനമൊരുക്കുകയും ചെയ്യും. ഈ ജലം പച്ചക്കറി കൃഷിക്കും മറ്റുമായി വിനിയോഗിക്കാന്‍ സംവിധാനമൊരുക്കും. ഇതിന്‍െറ പ്ളാന്‍ തയാറാക്കാന്‍ മാവൂര്‍ കൃഷി ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കനാല്‍ ജലം കൂടുതല്‍ പ്രദേശങ്ങളിലേക്ക് എത്തിക്കാനും നടപടിയെടുക്കും. നിലവിലുള്ള മുഴുവന്‍ കനാലുകളും പുനരുദ്ധരിക്കും. വിവിധ സീസണുകളില്‍ ജലവിതാനം ക്രമമായി നിലനിര്‍ത്തുന്നതിന് വാലുമ്മല്‍ വി.സി.ബി നവീകരിക്കും. വിവിധ ആവശ്യങ്ങള്‍ക്ക് കളിമണ്ണെടുത്തതുമൂലം വെള്ളക്കെട്ടായി മാറിയ ശേഷിക്കുന്നഭാഗം കമ്യൂണിറ്റി റിസര്‍വ്, പക്ഷി സങ്കേതം, വിനോദസഞ്ചാരകേന്ദ്രം എന്നിവയാക്കാനും മത്സ്യകൃഷിക്ക് വിനിയോഗിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. എം.എല്‍.എയോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. മുനീറത്ത്, വൈസ് പ്രസിഡന്‍റ് വളപ്പില്‍ റസാഖ്, അംഗങ്ങളായ കെ. ഉസ്മാന്‍, രാജി ചെറുതൊടികയില്‍, കെ. ഉണ്ണികൃഷ്ണന്‍, കെ. മൈമൂനത്ത്, കൃഷി ഓഫിസര്‍ അനിതാഭായ്, മൈനര്‍ ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ. രവീന്ദ്രന്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ബാബു തോമസ്, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ടി.കെ. ഉണ്ണികൃഷ്ണന്‍, അസി. എന്‍ജി. കെ. ഫൈസല്‍, ഓവര്‍സിയര്‍മാരായ എം. മനോഹരന്‍, ടി. അബൂബക്കര്‍, പി.ടി. അബ്ദുസലീം എന്നിവരുമുണ്ടായിരുന്നു. തുടര്‍ന്ന് പള്ളിയോള്‍ മദ്റസയില്‍ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. മുനീറത്ത് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.