പണം നിലത്ത് വിതറിയുള്ള കവര്‍ച്ച: സി.സി ടി.വി കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു

കോഴിക്കോട്: പണം നിലത്തെറിഞ്ഞ് ആളുകളെ കബളിപ്പിച്ച് പണം തട്ടിയ സംഘത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ആര്‍.പി മാളിന് മുന്നില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതോടെയുണ്ടായ കവര്‍ച്ചയുടെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധന ആരംഭിച്ചെങ്കിലും സമാന മോഷണ സംഘത്തിലുള്ളവരല്ല കവര്‍ച്ച നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. 2014ലും നഗരത്തില്‍ സമാനമായ കവര്‍ച്ച നടന്നിരുന്നെങ്കിലും അതിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. നഗരത്തിലെ ഹാപ്പി ക്രോക്കറി ഷോപ്പില്‍നിന്ന് സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങിയ ഭാസ്കരന്‍ നായര്‍ക്ക് മുന്നില്‍ റോഡില്‍ നോട്ടുകള്‍ വിതറിയായിരുന്നു പട്ടാപ്പകലുള്ള തട്ടിപ്പ്. മൂന്ന് പേരടങ്ങുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന നിഗമനത്തിലായിരുന്നു അന്ന് പൊലീസത്തെിയത്. കടയില്‍നിന്നിറങ്ങി വാഹനത്തില്‍ കയറി പിറകോട്ടെടുക്കുന്നതിനിടെ കള്ളന്മാരിലൊരാള്‍ നടന്നുവന്ന് കറന്‍സികള്‍ റോഡിലിട്ടു. ശേഷം വാതിലില്‍ തട്ടി റോഡില്‍ വീണു കിടക്കുന്ന നോട്ടുകള്‍ വാഹനത്തിലുള്ളയാളെ കാണിച്ച് ഇയാള്‍ നടന്നകന്നു. ഡ്രൈവര്‍ വാഹനത്തില്‍നിന്ന് ഇറങ്ങി നോക്കുന്നതിനിടെ മറ്റൊരാള്‍ വന്ന് വാഹനത്തിലെ ബാഗും പണവും കവരുകയായിരുന്നു. ഇതിനിടെ, ഏതെങ്കിലും തരത്തില്‍ ഇരയുടെ ശ്രദ്ധ നോട്ടില്‍നിന്നും മാറാതിരിക്കാനായി മൂന്നാമതൊരാള്‍ കൂടി എത്തി. വാഹനത്തിന്‍െറ അടിയിലും നോട്ടുകള്‍ കിടപ്പുണ്ടെന്ന് പിന്നെയും പിന്നെയും പറയും. ഭാസ്കരന്‍ നായരുടെ 8000 രൂപയായിരുന്നു അന്ന് കാറില്‍നിന്ന് കള്ളന്മാര്‍ തട്ടിയത്. ഈ തട്ടിപ്പ് ക്രോക്കറി ഷോപ്പിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നെങ്കിലും പ്രതികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. രണ്ടു വര്‍ഷത്തിന് ശേഷം ചൊവ്വാഴ്ച രാത്രി മാവൂര്‍ റോഡില്‍ പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ആര്‍.പി മാളിന് മുന്നില്‍ ആള്‍തിരക്കുള്ള സമയത്ത് സമാന കവര്‍ച്ച നടന്നത് നഗരത്തെ ഞെട്ടിച്ചു. കവര്‍ച്ച നടത്തുന്നതിന്‍െറ ദൃശ്യങ്ങള്‍ സി.സി കാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. ആര്‍.പി മാളിന് മുന്നിലെ രണ്ട് സി.സി കാമറകളാണ് പരിശോധിച്ചത്. കവര്‍ച്ച നടത്തുന്ന രണ്ട് പേരെയാണ് സി.സി കാമറയില്‍ കാണാനായത്. മലയാളികളായ പുതിയ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണത്തിന് സഹായകമാകുന്ന കൂടുതല്‍ വിവരമൊന്നും ലഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.