മുക്കം: അപകടം തുടര്‍ക്കഥയാവുന്ന എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയില്‍ അപകടമൊഴിവാക്കാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റിക്ക് വിദ്യാര്‍ഥികളുടെ നിവേദനം. മുത്തേരി ഗവ. യു.പി സ്കൂളിലെ നൂറോളം വിദ്യാര്‍ഥികളാണ് തങ്ങള്‍ ഒപ്പിട്ട നിവേദനം ചെയര്‍മാന് സമര്‍പ്പിച്ചത്. സംസ്ഥാന പാതയില്‍ വേഗനിയന്ത്രണ സംവിധാനം ഒരുക്കണമെന്നും സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതില്‍ ജാഗ്രത കാണിക്കണമെന്നും സ്കൂള്‍ പരിസരങ്ങളിലെ റോഡ് ഭാഗങ്ങളില്‍ ട്രാഫിക് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായുണ്ടാകുന്ന ടിപ്പറപകടങ്ങള്‍ തങ്ങള്‍ക്ക് എപ്പോഴും ഭീതിയുളവാക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ രക്ഷിതാക്കള്‍ ഏറെ ഭയപ്പാടോടെയാണ് വീട്ടില്‍ തങ്ങളെ കാത്തിരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ഓര്‍മിപ്പിച്ചു. അപകട മേഖലകളില്‍ നിരീക്ഷണ സംവിധാനങ്ങളും ട്രാഫിക് സിഗ്നലുകളും മറ്റും സ്ഥാപിച്ച് സുരക്ഷിതയാത്ര ഉറപ്പാക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രകൃതി മിത്ര അവാര്‍ഡ് ജേതാവ് ദാമോദരന്‍ കോഴഞ്ചേരിയുടെ നേതൃത്വത്തില്‍ ഒപ്പിട്ട നിവേദനവും ചെയര്‍മാന് സമര്‍പ്പിച്ചു. മുക്കം ബൈപാസ്, അഗസ്ത്യന്‍മുഴി-താമരശ്ശേരി റോഡ്, അഗസ്ത്യന്‍മുഴി-കോഴിക്കോട് റോഡ് എന്നിവിടങ്ങളില്‍ വേഗ നിരീക്ഷണ ഉപകരങ്ങള്‍, സി.സി ടി.വി എന്നിവ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.