കോഴിക്കോട്: ഓണവും പെരുന്നാളും കഴിഞ്ഞപ്പോള്‍ മാനാഞ്ചിറ സ്ക്വയറില്‍ നിറയെ പ്ളാസ്റ്റിക് കവറുകളും കുപ്പികളും. സ്ക്വയറില്‍ ഉപയോഗിച്ചുകഴിഞ്ഞ സാധനങ്ങളിടാന്‍ മാലിന്യത്തൊട്ടികളുണ്ടെങ്കിലും പുല്‍മേട്ടിലും കുളക്കടവിലും വിശ്രമത്തിനായുള്ള മഴപ്പുരകളിലുമൊക്കെ പ്ളാസ്റ്റിക് മാലിന്യം നിറഞ്ഞത് നഗരവാസികളടക്കം സ്ക്വയറിലത്തെിയവരുടെ സാമൂഹിക ബോധക്കുറവിന് തെളിവായി മാറി. മാനാഞ്ചിറ സ്ക്വയറിലെ ശില്‍പങ്ങളിലും ചുമരുകളിലും മാത്രമല്ല കവാടത്തിന് ഇരുവശവും സ്ഥാപിച്ച ചരിത്രപ്രാധാന്യമുള്ള പഴയ പീരങ്കികളില്‍പോലും പ്ളാസ്റ്റിക് കുപ്പികള്‍ അലക്ഷ്യമായി വെച്ചുപോയ നിലയിലാണ്. പൊതുസ്ഥലത്ത് മാലിന്യം ഇത്രമാത്രം അലക്ഷ്യമായി എറിഞ്ഞ് പോകുന്നവര്‍ക്ക് പീരങ്കികള്‍ക്കുപോലും തകര്‍ക്കാനാവാത്ത തൊലിക്കട്ടിയാണെന്ന് ഉറപ്പ്. ഒരാഴ്ചയോളം അവധിയായതിനാല്‍ ശുചീകരണം കാര്യമായി നടക്കാത്തതാണ് മാലിന്യം കുമിഞ്ഞുകൂടാന്‍ കാരണം. പാളയമടക്കം പ്രധാന കേന്ദ്രങ്ങളിലെല്ലാം മാലിന്യം നിറഞ്ഞിട്ടുണ്ട്. ഓടകളില്‍ കുപ്പികളും കവറും വീണ് ഒഴുക്ക് തടസ്സപ്പെട്ടതിനാല്‍ വെള്ളിയാഴ്ച രാവിലെ പെയ്ത മഴയില്‍ മാവൂര്‍ റോഡിലും മൊഫ്യൂസില്‍ സ്റ്റാന്‍ഡ് പരിസരത്തും വെള്ളം കയറി. സ്ക്വയറിലും പരിസരത്തെ റോഡിലും രാഷ്ട്രീയ പാര്‍ട്ടികളുടേതടക്കം പരസ്യങ്ങള്‍ സ്ഥാപിക്കരുതെന്ന് ധാരണയുണ്ട്. എന്നാല്‍, ബി.ജെ.പി ദേശീയ കൗണ്‍സില്‍ ഭാഗമായി പ്രധാനമന്ത്രിയുടെ മുഖമുള്ള പൂക്കളം തയാറാക്കിയതിന് സ്ഥാപിച്ച ബാനര്‍ ഇപ്പോഴും കിഴക്കേ കവാടത്തില്‍ കിടപ്പാണ്. ഉത്രാട നാളില്‍ സ്ഥാപിച്ച ബോര്‍ഡാണ് പൂക്കളം ഉണങ്ങിയിട്ടും ഇന്നലെയും സ്ക്വയറില്‍ തൂങ്ങിയത്. മാനാഞ്ചിറ സ്ക്വയറിന് ചുറ്റുമുള്ള റോഡിലും ബി.ജെ.പിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. നേരത്തേ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് സ്ക്വയറിന് ചുറ്റും പരസ്യം നിരന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. സ്ക്വയറിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും കൊണ്ടിട്ട മാലിന്യം മഴയില്‍ പരന്നൊഴുകുന്ന അവസ്ഥയാാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.