സ്വകാര്യ ബസുകളുടെ അമിതവേഗം: കോഴിക്കോട്–ബാലുശ്ശേരി റൂട്ട് കുരുതിക്കളമാകുന്നു

നന്മണ്ട: കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡും സ്വകാര്യ ബസുകളുടെ അമിതവേഗവും ബാലുശ്ശേരി റൂട്ടിനെ കുരുതിക്കളമാക്കുന്നു. ജില്ലാ മേജര്‍ റോഡായ കോഴിക്കോട് -ബാലുശ്ശേരി റോഡാണ് ഇരുചക്രവാഹനക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നത്. ബസിന്‍െറ അമിതവേഗത്തില്‍ വ്യാഴാഴ്ച ഒരു കുടുംബത്തിലെ രണ്ടുപേരുടെ ജീവനാണ് പൊലിഞ്ഞത്. സ്വകാര്യ ബസുകാര്‍ സൊസൈറ്റി രൂപവത്കരിച്ചത് അപകടവും അമിതവേഗവും കുറക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു. എന്നാല്‍, എല്ലാം കടലാസിലൊതുങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ബാലുശ്ശേരി സ്റ്റാന്‍ഡില്‍നിന്ന് എടുക്കുന്ന ബസുകള്‍ ബാലുശ്ശേരി മുക്കില്‍ കുറച്ചുനേരം നിര്‍ത്തിയിട്ടതിനുശേഷമാണ് പുറപ്പെടുന്നത്. അപ്പോഴേക്കും സ്റ്റാന്‍ഡില്‍നിന്ന് തൊട്ടടുത്ത സമയത്ത് പുറപ്പെടേണ്ട ബസ് എത്തിയിരിക്കും. പിന്നെ മത്സരയോട്ടമാണ്. നേരത്തേ കാക്കൂര്‍ സ്റ്റേഷനില്‍ പഞ്ചിങ് ഉണ്ടായിരുന്നു. ജപ്പാന്‍ കുടിവെള്ള പദ്ധതി വന്നതോടെ റോഡ് തകര്‍ന്നതിനാല്‍ ബസുകള്‍ കോഴിക്കോട്ടത്തൊന്‍ സമയക്കുറവ് ചൂണ്ടിക്കാണിച്ച് ഉടമകളും ജീവനക്കാരും അധികൃതരെ സമീപിച്ചപ്പോള്‍ കാക്കൂര്‍ സ്റ്റേഷനിലെ പഞ്ചിങ് നിര്‍ത്തലാക്കുകയായിരുന്നു. അമിതവേഗം നിയന്ത്രിക്കാന്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ളെന്നാണ് വ്യാപകമായ പരാതി. ക്യാമറ സ്ഥാപിച്ച് അപകടം കുറക്കാനുള്ള സംവിധാനമൊരുക്കണമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ഡസനിലേറെ അപകട മരണങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച റൂട്ടാണിത്. അംഗവൈകല്യം സംഭവിച്ചവരും ജീവച്ഛവമായവരുമേറെയാണ്. അപകടം വരുത്തിയ കാക്കൂര്‍ സ്റ്റേഷനരികിലെ ബസ്സ്റ്റോപ്പാവട്ടെ പലപ്പോഴും നോക്കുകുത്തിയാണ്. പൊലീസിന്‍െറ മൂക്കിന് താഴെയായിട്ടും നിര്‍ത്താതെപോകുന്ന ബസുകാര്‍ക്കെതിരെ പൊലീസ് നടപടി കൈക്കൊള്ളാത്തത് ഉടമകളുമായുള്ള ബന്ധം കാരണമാണെന്ന് യുവജന സംഘടനകള്‍ പറയുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന പൊലീസുകാര്‍ സ്റ്റോപ്പില്‍ ഉണ്ടെങ്കില്‍ ബസ് നിര്‍ത്തും എന്നതാണ് അവസ്ഥയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.