പേവിഷബാധ: ദുരിതമൊഴിയാതെ ക്ഷീരകര്‍ഷകര്‍

വടകര: പശുക്കള്‍ക്കും ആടുകള്‍ക്കും പേവിഷബാധയേല്‍ക്കുന്നത് ക്ഷീര കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു. നായ, കുറുക്കന്‍, കീരി എന്നിവയുടെ കടിയേറ്റാണ് പേവിഷബാധയേല്‍ക്കുന്നത്. ഇതിനെ പൂര്‍ണമായി പ്രതിരോധിക്കാനുള്ള നടപടികളൊന്നും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പലപ്പോഴും പേവിഷബാധയേല്‍ക്കുന്നതോടെ നഷ്ടമാകുന്നത് ക്ഷീരകര്‍ഷക കുടുംബത്തിന്‍െറ വരുമാനമാര്‍ഗമാണ്. ഇന്‍ഷുര്‍ ചെയ്യാത്ത വളര്‍ത്തുമൃഗങ്ങള്‍ പേവിഷബാധയെ തുടര്‍ന്ന് കൊല്ലപ്പെടുമ്പോള്‍ കര്‍ഷകര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. ചുരുങ്ങിയത് 25,000 രൂപ മുതല്‍ വിലവരുന്ന പശുക്കളാണ് പേവിഷബാധയെ തുടര്‍ന്ന് ഇല്ലാതാവുന്നത്. ഈ സാഹചര്യത്തില്‍ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനങ്ങള്‍ ഉണ്ടാവണമെന്നാണ് പൊതു ആവശ്യം. കഴിഞ്ഞ ദിവസങ്ങളില്‍ മണിയൂര്‍ പഞ്ചായത്തിലെ പാലയാട്ട് നടയില്‍ പേവിഷബാധയേറ്റതിന്‍െറ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു പശുക്കളെ വെറ്ററിനറി സര്‍ജന്‍ കുത്തിവെപ്പ് നല്‍കി കൊന്നിരുന്നു. കായക്കൊടി പഞ്ചായത്തിലെ നാവോട്ടുകുന്നില്‍ തെരുവുനായ്ക്കള്‍ രണ്ട് ആടുകളെ കടിച്ചുകൊന്നു. ഇത്തരം സംഭവങ്ങള്‍ക്ക് അറുതിവരുത്താനാകുന്നില്ല. ഒരുവര്‍ഷത്തിനിടെ വടകര താലൂക്കില്‍ മാത്രം 100ലേറെ പശുക്കളും ആടുകളുമാണ് പേവിഷബാധയെ തുടര്‍ന്ന് ചത്തതെന്ന് കര്‍ഷകര്‍ പറയുന്നു. പേവിഷബാധക്ക് കാരണമാകുന്ന ജീവികളെ നിയന്ത്രിക്കാന്‍ നടപടികളുണ്ടാവണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. മണിയൂരില്‍ പേവിഷബാധയേറ്റ പശുക്കളുടെ പാല്‍ ഉപയോഗിച്ച നാട്ടുകാര്‍ ആശങ്കയിലാണ്. പ്രദേശത്തെ 139 പേര്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തിരിക്കയാണ്. നാടിന്‍െറ ക്രമസമാധാനനില തകരുന്നവിധത്തില്‍ മൃഗശല്യമുണ്ടായാല്‍ അതിനെ ഇല്ലായ്മ ചെയ്യാന്‍ നിയമതടസ്സമൊന്നുമില്ല. എന്നാലിക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ണമായും അജ്ഞരാണെന്നാണ് വിമര്‍ശം. നേരത്തേയുണ്ടായിരുന്ന പട്ടിപിടുത്തം പൂര്‍ണമായും ഇല്ലാതായെങ്കിലും അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതി നിലവിലുണ്ട്. ഇത് പ്രാവര്‍ത്തികമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മടികാണിക്കുന്നു. അലഞ്ഞുതിരയുന്ന നായ്ക്കളെ നിയന്ത്രിക്കേണ്ട ബാധ്യത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. പട്ടികളെ മൃഗസംരക്ഷണ വകുപ്പിന്‍െറ കൈകളിലത്തെിച്ചാല്‍ പ്രജനനനിയന്ത്രണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. എന്നാലിത് നടക്കുന്നില്ളെന്നാണ് ആക്ഷേപം. ഹോട്ടലുകളിലെയും മറ്റും ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്കരിക്കാതെ ഉപേക്ഷിക്കുന്നത് നായ്ക്കള്‍ പെരുകാന്‍ കാരണമായി പറയുന്നു. ഭക്ഷണാവിശിഷ്ടങ്ങള്‍ സംസ്കരിക്കാത്ത ഹോട്ടലുകള്‍ക്കും മറ്റുമെതിരെ നടപടി സ്വീകരിക്കുന്നില്ല. മണിയൂര്‍ പാലയാട്നടയില്‍ പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് ദുരിത്വാശ്വാസനിധിയില്‍ സഹായം ലഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി മണിയൂര്‍ പഞ്ചായത്ത് അംഗം കെ.വി. സത്യന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.