നായ്ക്കളുടെ വന്ധ്യംകരണം: ജില്ലാ പഞ്ചായത്ത് പദ്ധതിയിലേക്ക് ഗ്രാമപഞ്ചായത്തുകള്‍ രണ്ടു ലക്ഷം നല്‍കും

കോഴിക്കോട്: നായ്ക്കളെ വന്ധ്യംകരിക്കാനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയിലേക്ക് ഗ്രാമപഞ്ചായത്തുകള്‍ രണ്ടു ലക്ഷം രൂപ വീതം നല്‍കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം തീരുമാനിച്ചു. തെരുവുനായ്ശല്യം നേരിടുന്നതിനുള്ള മോണിറ്ററിങ് കമ്മിറ്റി എല്ലാ പഞ്ചായത്തുകളിലും സെപ്റ്റംബര്‍ അഞ്ചിനകം രൂപവത്കരിക്കും. തെരുവുനായ്ശല്യം ചര്‍ച്ചചെയ്യാന്‍ എല്ലാ ജില്ലകളിലും സെപ്റ്റംബര്‍ 31നകം യോഗം വിളിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നത്. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളില്‍ 14 പഞ്ചായത്തുകളില്‍ മാത്രമാണ് നിലവില്‍ മോണിറ്ററിങ് കമ്മിറ്റിയുള്ളത്. വന്ധ്യംകരണ പദ്ധതിക്കൊപ്പംതന്നെ മാലിന്യസംസ്കരണവും കാര്യക്ഷമമാക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഉറവിടത്തില്‍ത്തന്നെ മാലിന്യം സംസ്കരിക്കാനുള്ള പദ്ധതി നടപ്പാക്കണം. വളര്‍ത്തുനായ്ക്കള്‍ക്കും പന്നികള്‍ക്കും ലൈസന്‍സ് കൊടുക്കുന്നതില്‍ പഞ്ചായത്തുകളും ലൈസന്‍സ് എടുക്കുന്നതില്‍ ഉടമകളും ജാഗ്രത പുലര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ലൈസന്‍സ് ഫീസ് നിലവിലെ 10 രൂപയില്‍നിന്ന് ഉയര്‍ത്തണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ലൈസന്‍സ് ഇല്ലാതെ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്ക് പിഴ ചുമത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. എ.ഡി.എം ടി. ജനില്‍കുമാര്‍, പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടര്‍ സി.കെ. വിജയകുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ.സി. മോഹന്‍ദാസ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.