ചക്കിട്ടപാറ ഖനനം തടയും –ഖനന വിരുദ്ധ ജനകീയ സമിതി

കോഴിക്കോട്: പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ദോഷംചെയ്യുന്ന ചക്കിട്ടപാറ ഖനനം എന്തു വില കൊടുത്തും തടയുമെന്ന് ഖനന വിരുദ്ധ ജനകീയ സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖനനത്തിനുവേണ്ടി ആരെയും ചക്കിട്ടപാറയുടെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ല. കഴിഞ്ഞ ദിവസം എം.എസ്.പി.എല്‍ കമ്പനി ഉന്നയിച്ച വാദങ്ങള്‍ പൂര്‍ണമായും തെറ്റാണ്. 2015ല്‍ ഖനനാനുമതി റദ്ദ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് ചോദ്യംചെയ്ത് കമ്പനി ഹൈകോടതിയെ സമീപിക്കുകയും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ ഖനനാനുമതി റദ്ദു ചെയ്തതെന്നും വാദിച്ചു. 2016 ഫെബ്രുവരിയില്‍ വന്ന കോടതി വിധിയില്‍ പാരിസ്ഥിക പ്രശ്നങ്ങളെക്കുറിച്ച് കമ്പനിക്ക് ധാരണയില്ളെന്നും പരിസ്ഥിതിക്ക് ആഘാതമാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള യാതൊന്നും കോടതിയില്‍ ഹാജരാക്കിയിട്ടില്ളെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാറിന് സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ അധികാരപ്പെടുത്തുന്നതാണ് ഹൈകോടതി വിധി. ഈ വിധിയെ പൂര്‍ണമായും തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് കമ്പനി ഡയറക്ടര്‍ അഹങ്കാരത്തിന്‍െറ ഭാഷയില്‍ ഖനനം ആരംഭിക്കുമെന്ന് പറയുന്നത്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നല്‍കുന്ന അനുമതി റദ്ദാക്കാന്‍ പഞ്ചായത്തിന് അധികാരമില്ല. പിന്നെന്തിനാണ് കമ്പനി പഞ്ചായത്തില്‍ കത്ത് നല്‍കിയത്. ജനങ്ങളെ കബളിപ്പിക്കുന്ന നീക്കങ്ങളാണ് കമ്പനി ചെയ്യുന്നത്. സര്‍ക്കാറിനെ സമിതിക്ക് വിശ്വാസമില്ല. കേരളത്തിലെ വന്‍കിട ധാതുക്കള്‍ ഖനനം ചെയ്യുന്ന പെര്‍മിറ്റ് അനുവദിക്കാന്‍ അധികാരം കേരള സര്‍ക്കാറിനാണ്. എന്നാല്‍, ഇതുവരെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിലപാട് സ്വീകരിച്ചിട്ടില്ല. സര്‍ക്കാറിന്‍െറ അധികാരം ഉപയോഗിച്ച് ഖനനാനുമതി റദ്ദുചെയ്യാന്‍ തയാറാകണം. അല്ലാത്തപക്ഷം ജീവന്‍ കൊടുത്തും ഖനനത്തെ തടയുമെന്നും ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു. കണ്‍വീനര്‍ ജിതേഷ് മുതുക്കാട്, പി.ആര്‍. പ്രസന്നന്‍, വര്‍ഗീസ് കോലത്തുവീട്ടില്‍, പത്മനാഭന്‍ കടിയങ്ങാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.