പുതിയാപ്പ ഹാര്‍ബര്‍: ജലരേഖയായി രണ്ടാംഘട്ട വികസനം

കോഴിക്കോട്: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് പതിറ്റാണ്ടിനുശേഷവും പുതിയാപ്പ ഹാര്‍ബര്‍ പരിമിതികളില്‍ വീര്‍പ്പുമുട്ടുന്നു. തുടര്‍ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത അധികൃതര്‍ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. 1996ല്‍ ഉദ്ഘാടനം ചെയ്തതിനുശേഷം പുതിയാപ്പ ഹാര്‍ബറില്‍ കാര്യമായ വികസന-നവീകരണ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. 200ഓളം ചെറിയ ബോട്ടുകളും 100ഓളം മത്സ്യബന്ധന യാനങ്ങളും നിര്‍ത്തിയിടാനുള്ള സ്ഥലമാണ് ജെട്ടിയിലുള്ളത്. നിലവില്‍ ചെറുതും വലുതുമായി 600ലേറെ ബോട്ടുകളുണ്ട്. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന ഹാര്‍ബറിന്‍െറ രണ്ടാംഘട്ട വികസനത്തിനായി 2014ല്‍ ഹാര്‍ബര്‍ വികസന സമിതി ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിനു മുന്നില്‍ പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. പുതുതായി രണ്ട് ബോട്ടുജെട്ടികള്‍, ലേലഹാള്‍, അഴുക്കുചാല്‍, വലിയ ബോട്ടുകള്‍ ഇറക്കുന്നതിന് സ്ളിപ്വേ എന്നിവ നിര്‍മിക്കുക, ഹാര്‍ബറില്‍ അടിഞ്ഞുകൂടുന്ന ചളിയും മണ്ണും തടയുന്നതിന് ആവശ്യത്തിന് പുലിമുട്ടുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിര്‍ദേശത്തിലുണ്ടായിരുന്നത്. രണ്ടു വര്‍ഷം ഇത് പിടിച്ചുവെച്ച എന്‍ജിനീയറിങ് വകുപ്പ് കഴിഞ്ഞ ആഗസ്റ്റ് 19നാണ് സര്‍ക്കാറില്‍ സമര്‍പ്പിച്ചത്. പദ്ധതി സമര്‍പ്പണത്തിലെ കാലതാമസംകൂടാതെ അനധികൃത ടോള്‍ വര്‍ധനയും മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഒരു ബ്ളോക് ഐസ് ഹാര്‍ബറിലത്തെിക്കുന്നതിന് ഈടാക്കിയിരുന്ന ഒരു രൂപ വര്‍ധിപ്പിച്ച് അഞ്ചു രൂപയാക്കാനും, ചെറുതും വലുതുമായ വാഹനങ്ങള്‍ക്ക് 50 ശതമാനത്തിലേറെ ടോള്‍ തുക വര്‍ധിപ്പിക്കാനുമാണ് പുതിയ തീരുമാനം. ടോള്‍ വര്‍ധനമൂലം മത്സ്യം വാങ്ങുന്നതിന് വാഹനങ്ങള്‍ എത്താതിരിക്കുന്നത് മത്സ്യത്തൊഴിലാളികളെ സാമ്പത്തികപ്രയാസത്തിലേക്കു നയിക്കും. ടോള്‍ പിരിവ് പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.